കിരൺ റിജിജു | Photo: ANI
ന്യൂഡല്‍ഹി: ബി.ബി.സി. ഡോക്യുമെന്ററിക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരായി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയെ വിമര്‍ശിച്ച് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. ഹര്‍ജിയിലൂടെ സുപ്രീംകോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 2002-ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബി.ബി.സി പ്രക്ഷേപണം ചെയ്ത ഡോക്യുമെന്ററി ഇന്ത്യയില്‍ വിലക്കിയിരുന്നു. ഇതിനെതിരായ ഹര്‍ജി ഫെബ്രുവരി ആറിന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
'ആയിരക്കണക്കിനുവരുന്ന സാധാരണ മനുഷ്യര്‍ നീതിക്കായി കാത്തിരിക്കുകയും തീയതികള്‍ തേടുകയും ചെയ്യുമ്പോള്‍ സുപ്രീംകോടതിയുടെ സമയം അവര്‍ ഇങ്ങനെ പാഴാക്കുകയാണ്', ഹര്‍ജിക്കാരെ ഉദ്ദേശിച്ച് കിരണ്‍ റിജിജു ട്വീറ്റ് ചെയ്തു.
വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര നടപടി ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്നാരോപിച്ച് അഭിഭാഷകനായ എം.എല്‍. ശര്‍മയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തത്. ഡോക്യുമെന്ററിയുടെ രണ്ടു ഭാഗങ്ങളും കോടതി പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ബി.ബി.സി. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട തങ്ങളുടെ ട്വീറ്റുകള്‍ നീക്കിയതിനെതിരേ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം. റാമും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജികളും അടുത്ത തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
Content Highlights: waste of supreme court's time, minister on cases against bbc series ban
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..