ശ്രീനഗര്‍: ലഷ്‌കറെ ത്വയ്ബ ത്വയ്ബയും പാകിസ്താന്‍ സൈന്യവുമാണ് തനിക്ക് പരിശീലനം നല്‍കിയതെന്ന് വെളിപ്പെടുത്തുന്ന പാക് ഭീകരവാദിയുടെ വീഡിയോ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു. 

തിങ്കളാഴ്ച ഉറി സെക്ടറില്‍ നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടയില്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയ അലി ബാബര്‍ പത്ര എന്ന ഭീകരനാണ് വീഡിയോയിലുള്ളത്. 19 വയസ്സാണ് അലിയുടെ പ്രായം. ഉറി സെക്ടറിലെ ഒരു സൈനിക ക്യാമ്പില്‍ മാധ്യമങ്ങളുമായി അലി സംവദിക്കുന്നതാണ് വീഡിയോയിലുള്ളത്. 

ഇന്ത്യയിലേക്കു കടക്കാനും ബരാമുള്ള ജില്ലയിലെ പട്ടനിൽ ആയുധങ്ങൾ എത്തിക്കാനുമായി നിർദേശം നൽകിയവർ തനിക്ക് 20,000 രൂപ തന്നിരുന്നതായി ഇയാൾ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം 30,000 രൂപ കൂടി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും അലി കൂട്ടിച്ചേര്‍ത്തു. 

പാക് അധീന കശ്മീരിലെ മുസാഫറബാദിലെ ലഷ്‌കര്‍ ക്യാമ്പിലാണ് തനിക്ക് പരിശീലനം ലഭിച്ചതെന്നും ആറംഗ ഭീകരസംഘത്തിനൊപ്പം സെപ്റ്റംബര്‍ 18-നാണ് നുഴഞ്ഞുകയറിയതെന്നും അലി വ്യക്തമാക്കി. 

content highlights:was trained by lashkar e taiba and pak army says surrendered pak terrorist