കൊല്‍ക്കത്ത: 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷം നേടി രാജ്യം പിടിച്ചെടുത്ത ബിജെപി അതിന് ശേഷം ഏറ്റവും വലിയ രാഷ്ട്രീയ പ്രചാരണമാണ് പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പില്‍ നടത്തിയിരുന്നത്. ബിജെപിയുടെ എല്ലാ രാഷ്ട്രീയ സംവിധാനങ്ങളുടേയും അകമ്പടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും നേതൃത്വത്തില്‍ രാവും പകലുമില്ലാത്ത പ്രചാരണങ്ങള്‍. മൂന്ന് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബംഗാളില്‍ അധികാരം പിടിച്ചെടുക്കുമെന്ന്  ബിജെപി ഏതാണ്ട് ഉറപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മന്ത്രിമാരും എംപിമാരുമടങ്ങുന്ന തൃണമൂലില്‍ നിന്നുള്ള നേതാക്കളുടെ ഒഴുക്കും ഇതിന് ആക്കം കൂട്ടി. എന്നാല്‍ 294 അംഗ നിയമസഭയില്‍ 79 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തിരഞ്ഞെടുപ്പിന് ശേഷവും തൃണമൂലുമായി കടുത്ത മത്സരമാണ് കാഴ്ചവെച്ചതെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം. എന്നാല്‍ ബംഗാളില്‍ തൃണമൂലിന് ബിജെപി യാതൊരു വെല്ലുവിളിയും ആയിരുന്നില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫല കണക്കുകള്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം ബിഹാറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 52 സീറ്റുകളിലാണ് കടുത്ത മത്സരം നടന്നിരുന്നത്. അതായത് 52 സീറ്റുകളിലെ ഭൂരിപക്ഷം 5000 വോട്ടിന് താഴെയായിരുന്നു. എന്നാല്‍ പശ്ചിമ ബംഗാളില്‍ വെറും 12 ശതമാനം  അഥവാ 36 സീറ്റുകളില്‍ മാത്രമേ ഇത്തരത്തിലുള്ള ഒരു മത്സരം നടന്നിട്ടുള്ളൂവെന്നാണ് ഫലങ്ങളിലൂടെ വ്യക്തമാകുന്നത്. 36 സീറ്റുകളില്‍ മാത്രമാണ് ഇവിടെ 5000 വോട്ടിന് താഴെ ഭൂരിപക്ഷമുള്ളൂ.

294 അംഗ പശ്ചിമ ബംഗാള്‍ നിയമസഭയലേക്ക് എട്ട് ഘട്ടങ്ങളിലായി 292 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 48 ശതമാനം വോട്ടുകളോടെ തൃണമൂല്‍ കോണ്‍ഗ്രസ് 213 സീറ്റുകള്‍ നേടിയപ്പോള്‍ 38 ശതമാനം വോട്ടുകളോടെ ബിജെപി 77 സീറ്റുകളും നേടി എന്നത് വസ്തുതയാണ്. ഇതില്‍ എത്ര സീറ്റുകളില്‍ കടുത്ത മത്സരം നടന്നുവെന്നതാണ് പരിശോധിക്കുന്നത്.

292 സീറ്റുകളില്‍ 223 സീറ്റുകളിലും ഭൂരിപക്ഷം പതിനായിരം വോട്ടുകള്‍ക്ക് മുകളിലാണ്. അതില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് 176 സീറ്റിലും ജയിച്ചിട്ടുള്ളത്. പതിനായിരത്തിന് മുകളല്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ളത് 46 സീറ്റുകളിലും. ഒരു സീറ്റില്‍ മാത്രം വിജയം നേടിയ കോണ്‍ഗ്രസ്-ഇടത് സഖ്യത്തിലെ രാഷ്ട്രീയ സെക്കുലര്‍ മജ്‌ലിസ് പാര്‍ട്ടി സ്ഥാനാര്‍ഥിക്കും പതിനായിരത്തിന് മുകളിലാണ് ഭീരിപക്ഷം. 33 സീറ്റുകളില്‍ 5000-ത്തിനും പതിനായിരം വോട്ടിനും ഇടയിലാണ് ഭൂരിപക്ഷം. ഇതില്‍ 24 സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റേതും ഒമ്പത് സീറ്റുകള്‍ ബിജെപി വിജയിച്ചതുമാണ്. 

5000-ത്തില്‍ താഴെ ഭൂരിപക്ഷമുള്ള ബാക്കിയുള്ള ബാക്കി 36 സീറ്റുകളിലാണ് കടുത്ത മത്സരം നടന്നതായി കണക്കാക്കുന്നുള്ളൂ. മമതാ ബാനര്‍ജി പരാജയപ്പെട്ട നന്ദിഗ്രാമുള്‍പ്പടെ ഇതില്‍പ്പെടും. നന്ദിഗ്രാമടക്കം 5000ത്തിന് താഴെയുള്ള 22 സീറ്റുകളില്‍ ബിജെപിയാണ് ജയിച്ചത് എന്നതും ശ്രദ്ധേയമാണ്. 13 സീറ്റുകളില്‍ തൃണമൂലും ജയിച്ചു. ഒരിടത്ത് സ്വതന്ത്രനും.

500 വോട്ടിന്റെ താഴെ ഭൂരിപക്ഷം മുതല്‍ പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം വരെയുള്ള തിരഞ്ഞെടുപ്പ് കണക്കുകള്‍ കാണിക്കുന്നത്, മൊത്തം 200 സീറ്റുകളില്‍ തൃണമൂലിന് കാര്യമായ വെല്ലുവിളികള്‍ ഉണ്ടായില്ലെന്നും 13 ഓളം സീറ്റുകളില്‍ കടുന്ന മത്സരം നേരിടേണ്ടി വന്നെന്നുമാണ്. 53 സീറ്റുകളില്‍ ബിജെപിക്ക് കാര്യമായ വെല്ലുവിളി ഉണ്ടായില്ലെന്നും 22 സീറ്റുകളില്‍ കടുത്ത മത്സരം നേരിട്ടെന്നും കണക്കുകള്‍ പറയുന്നു.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ നേട്ടം താരതമ്യം ചെയ്യുമ്പോള്‍ ബിജെപിക്ക് ഉണ്ടായ തിരിച്ചടിയുടെ പ്രഹരം വര്‍ധിക്കും. 40 ശതമാനം വോട്ടുകളോടെ 121 നിയമസഭാ മണ്ഡലങ്ങളില്‍ അന്ന് ബിജെപിക്ക് ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന് 164 സീറ്റുകളിലായിരുന്നു 2019-ല്‍ ലീഡ് ഉണ്ടായിരുന്നത്. അന്ന് ബിജെപി 101 സീറ്റുകളിലും ഭൂരിപക്ഷം 5000 വോട്ടിന് മുകളിലായിരുന്നു. 20 സീറ്റുകളില്‍ മാത്രമേ 5000ത്തിന് താഴെ ഭൂരിപക്ഷമുണ്ടായിരുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്.