ബെംഗലൂരു: ബിജെപിയെ പിന്തുണയ്ക്കാത്തതിനാലും പാര്‍ട്ടിയില്‍ ചേരാത്തതിനുമാണ് തന്നെ തീഹാര്‍ ജയിലിലേക്ക് അയച്ചതെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു. എന്തിനായിരുന്നു ജയിലില്‍ പോയതെന്നുള്ള മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ കെ.എസ്.ഈശ്വരപ്പ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഡി.കെ.ശിവകുമാറിന്റെ പ്രതികരണം. 

ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നെങ്കില്‍ ജയിലില്‍ പോകില്ലായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'എല്ലാം അറിയാം, അതിന് രേഖകളുണ്ട്...' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2019 സെപ്റ്റംബര്‍ 3നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശിവകുമാറിനെ അറസ്റ്റ് ചെയ്യുകയും തീഹാര്‍ ജയിലില്‍ അയയ്ക്കുകയും ചെയ്തത്. ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് 2019 ഒക്ടോബര്‍ 23ന് അദ്ദേഹം പുറത്തിറങ്ങി. 

രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാരെന്ന് അദ്ദേഹം ആരോപിച്ചു. വലിയ അഴിമതി ആരോപണങ്ങളാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി കര്‍ണാടകത്തില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.  

കരാറുകള്‍ അംഗീകരിക്കുന്നതിനുള്ള ടെന്‍ഡര്‍ തുകയുടെ 30 ശതമാനവും കെട്ടിക്കിടക്കുന്ന ബില്ലുകള്‍ക്കെതിരായ 'ലെറ്റര്‍ ഓഫ് ക്രെഡിറ്റ്' റിലീസ് ചെയ്യുന്നതിനായി 5-6 ശതമാനവും ആവശ്യപ്പെട്ട് മന്ത്രിമാരും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ച് കര്‍ണാടക സ്റ്റേറ്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ജൂലായില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. 

സുപ്രീം കോടതി സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കര്‍ണാടകയിലെ  കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതിനിടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അഴിമതി ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Content highlights: was sent to jail for not supporting bjp says karnataka congress chief dk sivakumar