കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് തുടങ്ങിയ ബിജെപി നേതാക്കൾ | Photo: PTI
മുംബൈ: മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാടി സര്‍ക്കാരിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലായിക്കെ അധികാരത്തില്‍ തിരിച്ചെത്താനുള്ള എല്ലാ വഴികളും തേടി ബിജെപി. ശിവസേനയിലെ പിളര്‍പ്പ് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. 2019ലെ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. തനിയാവര്‍ത്തനം ഒഴിവാക്കാന്‍ അതീവസൂക്ഷ്മതയോടെയാണ് ബിജെപി നേതാക്കളുടെ ഓരോ നീക്കവും.
മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഇത് തുറന്നുസമ്മതിച്ചിട്ടുമുണ്ട്. മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ബിജെപിക്ക് പ്ലാന്‍ എയും ബിയും ഉണ്ടെന്നാണ് മുതിര്‍ന്നൊരു ബിജെപി നേതാവ് പ്രതികരിച്ചത്. ആദ്യത്തെ പ്ലാന്‍ പ്രകാരം സേന പിളന്ന്നാല് വിമതരുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുക എന്നതാണ്. അങ്ങനെയെങ്കില്‍ വിമത നേതാവ് ഏകനാഥ് ഷിന്ദേയെ ഉപമുഖ്യമന്ത്രിയാക്കി കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കാനും വരാനിരിക്കുന്ന നഗരസഭാ തിരഞ്ഞെടുപ്പിലും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് ബിജെപി നീക്കങ്ങള്‍. മഹാരാഷ്ട്രയില്‍ നിയമസഭ സമ്മേളനം ജൂണ്‍ 18ന് ആരംഭിക്കും. മഹാവികാസ് അഘാടി സഖ്യത്തിനെതിരെ അവിശ്വാസ പ്രമേയവുമായി മുന്നോട്ടുപോവാനാണ് ബിജെപി ലക്ഷ്യം. ഭരിക്കുന്ന സഖ്യത്തിനൊപ്പം ആരൊക്കെ ഉണ്ടെന്ന് അപ്പോഴറിയാം എന്നും അദ്ദേഹം പറഞ്ഞു.
ഷിന്ദേയും വിമതരും നേരിടുന്ന പ്രതിസന്ധി കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ പെടാതിരിക്കണമെങ്കില്‍ 28 എംഎല്‍എമാരുടെ പിന്തുണ വേണം. അല്ലാത്ത പക്ഷം ഉദ്ധവ് സര്‍ക്കാര്‍ അത് പ്രയോഗിക്കാനുള്ള സാധ്യത തള്ളാനാവില്ല. അങ്ങനെങ്കില്‍ രാഷ്ട്രപതി ഭരണത്തിലേക്ക് ബിജെപി നീങ്ങിയാലും അത്ഭുതപ്പെടാനില്ല
ശിവസേനയുടെ 55 എംഎല്‍എമാരില്‍ 37 പേരെങ്കിലും ഷിന്ദേയ്ക്കൊപ്പമുണ്ടെന്നാണ് സൂചനകള്‍. വിശ്വാസവോട്ടെടുപ്പില്‍ ഷിന്ദേയുടെ വിമതസംഘം സര്‍ക്കാരിനെ എതിര്‍ത്ത് വോട്ട് ചെയ്താല്‍ അത് ബിജെപിയുമായുള്ള ലയനത്തിനുള്ള വാതിലുകള്‍ തുറക്കുമെന്നാണ് അടുത്ത വൃത്തങ്ങളും പ്രതികരിക്കുന്നത്.
106 എംഎല്‍എമാരുള്ള ബിജെപി മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ്, കൂടാതെ ചെറിയ പാര്‍ട്ടികളും സ്വതന്ത്രരും ഉള്‍പ്പെടെ 27 എംഎല്‍എമാരുടെ പിന്തുണയും അവകാശപ്പെടുന്നു. അങ്ങനെയെങ്കില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 145 വോട്ടിന്റെ സ്ഥാനത്ത് 170 പേരുടെ പിന്തുണയായി
മഹാവികാസ് അഘാടി സഖ്യത്തിലെ അസ്വസ്ഥത മുതലെടുക്കുക എന്നതാണ് ഞങ്ങളുടെ തന്ത്രമെന്ന് നേരത്തെ നിയമസഭാ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു. ഫഡ്നാവിസിനെ മുന്നില്‍ നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപിയുടെ ശ്രമങ്ങളത്രയും.
എംഎല്‍എമാരുമായി സംസ്ഥാനം വിട്ട ഏക്നാഥ് ഷിന്ദേയും ബിജെപിയുമായി സഖ്യം വേണമെന്ന ആവശ്യം ഉദ്ധവ് താക്കറെയുമായി ഫോണിലൂടെ അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
2019ലെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ശേഷം അധികാരം പങ്കിടുന്നത് സംബന്ധിച്ച അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് സഖ്യകക്ഷികളായിരുന്ന ബിജെപിയുമായി ശിവസേന പിരിഞ്ഞത്. സേന പിന്നീട് എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് മഹാവികാസ് അഘാടി സഖ്യമുണ്ടാക്കി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
മഹാരാഷ്ട്രയില്‍ കഴിഞ്ഞദിവസം നിയമസഭാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടന്നിരുന്നു. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അപ്രതീക്ഷിതമായി ഒരു സീറ്റ് അധികം ലഭിച്ചതിനു പിന്നാലെയാണ് വിമത നീക്കങ്ങള്‍ ആരംഭിച്ചത്. കൂറുമാറി ബിജെപിക്ക് വോട്ടുചെയ്ത എംഎല്‍എമാരുമായി ഏക്നാഥ് ഷിന്‍ഡെ ഇന്നലെ രാത്രി മഹാരാഷ്ട്ര വിട്ട് ഗുജറാത്ത് സൂറത്തിലേക്ക് പോവുകയായിരുന്നു. ഇത് മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യത്തെ പ്രതിസന്ധിയിലാക്കി. വിമത നീക്കം മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാവി തുലാസിലാക്കിയിരിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..