Representationalo Image| Credit- ADGPI facebook page
ന്യൂഡല്‍ഹി: ഉയര്‍ന്ന മലനിരകള്‍, പ്രാണവായു കുറഞ്ഞ തണുത്തുറഞ്ഞ പ്രദേശം അതാണ് ഇന്ത്യ- ചൈന സംഘര്‍ഷമുണ്ടായ ലഡാക്കിലെ ഭൂപ്രകൃതി. സാധാരണക്കാരായവര്‍ക്ക് ഇവിടെ അതിജീവനം അത്ര എളുപ്പമല്ല. എന്നാല്‍ ദുഷ്കരമായ സാഹചര്യങ്ങളിലും ചൈനയ്ക്കും പാകിസ്താനുമെതിരെ ഇന്ത്യന്‍ സേന ശക്തമായ പ്രതിരോധം തീര്‍ത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍നിന്നുള്ള സൈനികര്‍ക്ക് ഇവിടെ ശത്രുവിനെതിരെ പൊരുതി നില്ക്കല് അത്ര സാധ്യമല്ല. എന്നാല്‍ ഇവിടെ സൈന്യത്തിന്റെ കണ്ണും കാതുമായി നിലകൊള്ളുന്ന ഒരു സൈനിക വിഭാഗമുണ്ട്. ലഡാക്കില്‍ തന്നെ താമസിക്കുന്ന ചെറുപ്പക്കാര്‍ അടങ്ങിയ, മലനിരകളില്‍ എവിടൊക്കെ അപകടം പതിയിരിക്കുന്നുവെന്ന് വ്യക്തമായ ധാരണയുള്ള അവരെ സൈന്യം ലഡാക്ക് സ്കൗട്ട്സ് എന്നാണ് വിളിക്കുന്നത്.
ചൈനയുടെയും പാകിസ്താന്റെയും അധിനിവേശ മേഹങ്ങള്‍ നിരന്തരം നിലനില്‍ക്കുന്ന പ്രദേശമാണ് ലഡാക്ക്. 1947-ല്‍ കാര്‍ഗില്‍ വഴി പാകിസ്താനില്‍നിന്നെത്തിയ നുഴഞ്ഞുകയറ്റക്കാര്‍ ലഡാക്കിലെ ബുദ്ധവിഹാരം കൊള്ളയടിക്കാന്‍ ശമിച്ചിരുന്നു. എന്നാല്‍ പ്രദേശത്തെ ചെറുപ്പക്കാര്‍ സംഘടിച്ച് അതിനെതിരെ പൊരുതി. ഇതിന് ശേഷം ഇവിടെയുള്ളവരെ ഉള്‍പ്പെടുത്തി രണ്ട് ബറ്റാലിയന് രൂപം കൊടുത്തു. 1962-ല്‍ ചൈന ഇന്ത്യയെ ആക്രമിച്ച സമയത്ത് ദൗലത് ബേഗ് ഓള്‍ഡി, ഗല്‍വാന്‍, ഹോട്ട്സ്പ്രിങ്, പാംഗോങ്, ചുഷുല്‍ എന്നിവിടങ്ങളിലെ ശക്തമായ പ്രതിരോധനിര തീര്‍ത്ത് ചൈനയുടെ കടന്നുകയറ്റത്തെ പരമാവധി ചെറുത്തവരാണ് ഈ ബറ്റാലിയനുകള്‍.
ഈ യുദ്ധത്തിന് ശേഷമാണ് രണ്ട് ബറ്റാലിയനുകളെയും ചേര്‍ത്ത് ലഡാക്ക് സ്കൗട്ട്സ് എന്നപേരില്‍ ഒരു യൂണിറ്റാക്കി മാറ്റിയത്. 1999-ലെ കാര്‍ഗില്‍ യുദ്ധസമയത്ത് ഇവര്‍ ശൗര്യം വീണ്ടും പുറത്തെടുത്തു. അന്ന് അതുല്യമായ പരാക്രമവും ധീരതയുമാണ് ലഡാക്ക് സ്കൗട്ട്സ് പ്രകടിപ്പിച്ചത്.
നിലവില്‍ അഞ്ച് ബറ്റാലിയന് സൈനികരാണ് ലഡാക്ക് സ്കൗട്ട്സിലുള്ളത്. ലഡാക്കിലെ ദുര്‍ഘടമായ മേഖലകളില്‍ താമസിക്കുന്നവരാണ് ഇതിലെ സൈനികര്‍ അധികവും. ഓക്സിജന്റെ അളവ് കുറഞ്ഞ, അതിശൈത്യം അനുഭവപ്പെടുന്ന ഇവിടെ കാലങ്ങളായി താമസിക്കുന്ന ഇവര്‍ക്ക് ഈ മേഖലകളില്‍ അതിജീവന ശേഷി മറ്റുള്ളവരേക്കാള്‍ കൂടുതലാണ്. ചൈനയുമായുള്ള നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള ദുര്‍ഘടമായ സ്ഥലങ്ങളിലാണ് ഇവര്‍ നിയോഗിക്കപ്പെടുക. അതിര്‍ത്ത് കടക്കാനുള്ള ശ്രമങ്ങള്‍ ഇവരാണ് പരാജയപ്പെടുത്തുന്നത്.
Content Highlights: warriors of snow, Ladakh scouts- the eye and ear of the Indian Army in Ladakh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..