നാസിക്: സര്‍വീസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കുന്നത് പതിവാണ്. കാലങ്ങളോളം തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയെ പിരിയുന്നത് ദുഃഖമുണര്‍ത്തുന്ന സംഗതിയാണെങ്കിലും യാത്രയയപ്പ് പരമാവധി ഗംഭീരമാക്കും. 11 വര്‍ഷത്തെ നിസ്വാര്‍ഥ സേവനത്തിന് ശേഷം വിരമിച്ച സ്‌പൈക്കിനും സഹപ്രവര്‍ത്തകര്‍ നല്‍കിയത് അതിഗംഭീരമായ യാത്രയയപ്പാണ്. 

നാസിക് പോലീസ് സേനയുടെ ധീരനായ പങ്കാളിയായിരുന്നു സ്‌പൈക്ക് എന്ന നായ. സ്‌നിഫര്‍ ഇനത്തില്‍ പെട്ട സ്‌പൈക്ക് പോലീസിന്റെ ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡിലെ അംഗമായിരുന്നു. സര്‍വീസ് കാലത്തെ നിസ്തുല സേവനവും വിശ്വസ്തതയും മാനിച്ച് പോലീസ് സേനാംഗങ്ങള്‍ ഏറ്റവും മികച്ച യാത്രയയപ്പാണ് ഒരുക്കിയത്. 

സ്‌പൈക്കിന്റെ യാത്രയയപ്പ് ചടങ്ങിന്റെ വീഡിയോ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ട്വിറ്ററിലൂടെ പങ്കു വെച്ചു. 'വെറുമൊരു നായയല്ല, അവന്‍ പോലീസ് കുടുംബത്തിലെ അംഗമാണ്. അവന്‍ നല്‍കിയ സേവനത്തിന് രാജ്യത്തിന്റെ പേരില്‍ ഞാന്‍ സല്യൂട്ട് ചെയ്യുന്നു'. ദേശ്മുഖ് ട്വീറ്റില്‍ കുറിച്ചു. 

ബലൂണുകളും റോസാപ്പൂക്കളും  കൊണ്ടലങ്കരിച്ച പോലീസ് വാഹനത്തിന്റെ ബോണറ്റില്‍ സ്‌പൈക്കിനെ ഇരുത്തിയുള്ള പരേഡ് പോലീസ് ഒരുക്കിയിരുന്നു. വാഹനത്തിന്റെ ഇരുവശത്തും പോലീസ് ഉദ്യോഗസ്ഥര്‍ കയ്യടികളോടെ നിരന്നു. പൂമാലയണിഞ്ഞ് തന്റെ യജമാനന്‍മാരുടെ വിശ്വസ്തസേവകനായി അവരുടെ സ്‌നേഹമേറ്റു വാങ്ങി സ്‌പൈക്ക് അനുസരണയോടെ വാഹനത്തിന്റെ ബോണറ്റിന് മുകളില്‍ കിടന്നു. 

വളരെ ചെറുതായിരിക്കുമ്പോള്‍ തന്നെ സ്‌നിഫര്‍ നായകള്‍ക്ക് പരിശീലനം നല്‍കിയാണ് സേനയില്‍ അംഗമാക്കുന്നത്. സ്‌ഫോടകവസ്തുക്കള്‍, ആയുധങ്ങള്‍, മയക്കുമരുന്ന് തുടങ്ങിയവ കണ്ടെത്താനുള്ള പ്രത്യേക പരിശീലനം ഇവയ്ക്ക് നല്‍കാറുണ്ട്. 

കൂടാതെ മനുഷ്യരുടെ വിയര്‍പ്പ്, മൂത്രം എന്നിവയുടെ മണം പിടിച്ച് കോവിഡ്-19 കണ്ടെത്താനുള്ള പരിശീലനവും പരീക്ഷണാടിസ്ഥാനത്തില്‍ ഇവയ്ക്ക് നല്‍കാനാരംഭിച്ചിട്ടുണ്ട്. കോക്കര്‍ സ്പാനിയല്‍, ലാബ്രഡോര്‍ എന്നീ ഇനത്തില്‍ പെട്ട നായകള്‍ക്ക് മനുഷ്യകോശങ്ങളില്‍ നിന്ന് കോവിഡ് ബാധ തിരിച്ചറിയാനുള്ള പരിശീലനം ഡല്‍ഹിയില്‍ നല്‍കി വരുന്നതായി റിപ്പോര്‍ട്ടുണ്ട്. 

Content Highlights: Warm Farewell For Sniffer Dog In Nashik After 11 Years Of Service