ശ്രീനഗര്‍:  കശ്മീരില്‍ വിജയം നേടുന്നതിന് മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിക്കാന്‍ അല്‍ ഖ്വയ്ദ തലവന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ജിഹാദിസ്റ്റ് ഗ്രൂപ്പുകളില്‍ വീഡിയോ എത്തിയതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ ഖ്വയ്ദയുടെ ഉപഭൂഖണ്ഡത്തിലെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡന്റ് ഉസാമ മെഹ്മൂദാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കശ്മീരില്‍ ഇന്ത്യ വിന്യസിച്ചിരിക്കുന്നത് ആറു ലക്ഷം പട്ടാളക്കാരെയാണ്. കൊല്‍ക്കത്ത, ബെംഗളൂരു, ന്യൂഡല്‍ഹി തുടങ്ങിയ മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിക്കുകയാണെങ്കില്‍ കശ്മീരില്‍നിന്ന് സൈന്യത്തിന്റെ ശ്രദ്ധ ഇവിടേക്ക് തിരിക്കാമെന്ന് സന്ദേശത്തില്‍ പറയുന്നു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജിഹാദി പ്രസ്ഥാനം ശക്തമാക്കണമെന്നും പ്രദേശത്തെ മുഴുവന്‍ ആളുകളും കശ്മീരി ജനതയുടെ പിന്നില്‍ അണി നിരക്കണമെന്നും വീഡിയോയില്‍ ആവശ്യപ്പെടുന്നു. ലോകമെമ്പാടും സ്വയം സുരക്ഷിതരാകാന്‍ അമേരിക്ക ബുദ്ധിമുട്ടുകയാണ്. അതിനു സമാനമായി ഇന്ത്യന്‍ സൈന്യത്തിന്റെയും ഹിന്ദു സര്‍ക്കാരിന്റെയും സമാധാന പൂര്‍ണമായ ലോകം യുദ്ധക്കളമാക്കണമെന്നും വീഡിയോയില്‍ അല്‍ ഖ്വയ്ദ തലവന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. പുതിയ ഭീകരസംഘടനയായ അല്‍ ഖ്വരാര്‍ ഇസ്ലാമിക് സ്റ്റേറ്റുമായി സഖ്യം പ്രഖ്യാപിച്ച അതേദിവസം തന്നെയാണ് അല്‍ ഖ്വയ്ദയുടെയും വീഡിയോ പുറത്തുവന്നിരിക്കുന്നത്.