ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഭാഷകളുടെ പട്ടികയില്‍ ഹിന്ദിയെ ഉള്‍പ്പെടുത്താനുള്ള ശ്രമത്തെ ചൊല്ലിയുള്ള ചര്‍ച്ചയില്‍ ശശി തരൂര്‍ എം പിയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും തമ്മില്‍ ലോക്‌സഭയില്‍ വാക്‌പോര്. ഹിന്ദി യു എന്നിന്റെ ഔദ്യോഗിക ഭാഷകളില്‍ ഒന്നാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് സുഷമാ സ്വരാജ് ഇന്ന് ലോക്‌സഭയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിയോജിപ്പുമായി തരൂര്‍ രംഗത്തെത്തിയത്.

193 അംഗങ്ങളുള്ള സംഘടനയിലെ മൂന്നില്‍ രണ്ട് അംഗങ്ങളുടെ(129) പിന്തുണ ലഭിച്ചാല്‍ മാത്രമേ ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാനാകൂവെന്ന് സുഷമാ സ്വരാജ് പറഞ്ഞു. മാത്രമല്ല ഹിന്ദി ഔദ്യോഗിക ഭാഷയാക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ക്ക് ചിലവാകുന്ന തുകയുടെ പങ്ക് ഇവര്‍ വഹിക്കുകയും വേണം. അതിനാലാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ പലതും ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണ നല്‍കാന്‍ മടിക്കുന്നതെന്നു വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹിന്ദി ദേശീയഭാഷയല്ലെന്നും ഔദ്യോഗിക ഭാഷയാണെന്നും ശശി തരൂര്‍ പറഞ്ഞു. എന്തിനാണ് യു എന്നില്‍ നമുക്ക് ഔദ്യോഗിക ഭാഷ- തരൂര്‍ ആരാഞ്ഞു. അറബിക് സംസാരിക്കുന്നവരുടെ എണ്ണം ഹിന്ദി സംസാരിക്കുന്നവരേക്കാള്‍ കുറവാണ്. എന്നാല്‍ 22 രാജ്യങ്ങളിലാണ് അറബിക് സംസാരിക്കുന്നത്. എന്നാല്‍ ഹിന്ദി ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നത് ഇന്ത്യയില്‍ മാത്രമാണ് തരൂര്‍ ചൂണ്ടിക്കാണിച്ചു. എന്താണ് ഇതുകൊണ്ടുള്ള നേട്ടം?  അദ്ദേഹം ആരാഞ്ഞു.

അതേസമയം ഹിന്ദി ഇന്ത്യയില്‍ മാത്രമാണ് സംസാരിക്കുന്നത് എന്നത് തരൂരിന്റെ അജ്ഞതയാണെന്ന് സുഷമ പ്രതികരിച്ചു. ഇന്ത്യന്‍ വംശജരുള്ള ഫിജി, മൗറീഷ്യസ്, സുരിനാം തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് പിന്തുണ ലഭിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഹിന്ദിയെ ഔദ്യോഗിക ഭാഷാപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ എത്ര പണം വേണമെങ്കിലും ചിലവഴിക്കാന്‍ തയ്യാറാണെന്നും സുഷമ കൂട്ടിച്ചേര്‍ത്തു. നിരവധി രാജ്യങ്ങളില്‍ ഹിന്ദി സംസാരിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇംഗ്ലീഷ്, ചൈനീസ്, ഫ്രഞ്ച്, അറബിക്, റഷ്യന്‍, സ്പാനിഷ് എന്നിവയാണ് യു എന്നിലെ ഔദ്യോഗിക ഭാഷകള്‍. 

War of words between tharoor and sushma in  LokSabha over making Hindi official language at UN