ഡെറാഡൂണ്‍: ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഗുജറാത്തിനെ മറ്റൊരു ദക്ഷിണ കൊറിയ ആക്കാനാണ് താൻ ആഗ്രഹിച്ചിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡെറാഡൂണില്‍ ഉത്തരാഖണ്ഡ് നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം.
 
ലോക രാജ്യങ്ങളെക്കാള്‍ കരുത്തരാണ് നമ്മമുടെ സംസ്ഥാനങ്ങള്‍. ചെറു രാജ്യങ്ങളെക്കാള്‍ ശേഷി നമ്മുടെ സംസ്ഥാനങ്ങള്‍ക്കുണ്ട്. 2001 ഒക്ടോബര്‍ 7ന് താന്‍ ആദ്യതവണ ഗുജറാത്ത് മുഖ്യമന്ത്രി ആയപ്പോള്‍ തനിക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്താണെന്ന് അറിയുമായിരുന്നില്ല. ഞാന്‍ ഭരണരംഗത്ത് തുടക്കക്കാരനായിരുന്നു.
 
ആ സമയത്ത് ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്റെ അടുക്കല്‍ വന്നു. ഗുജറാത്തിലെ വികസനങ്ങള്‍ക്ക് താന്‍ ഏത് മാതൃക സ്വീകരിക്കും എന്നായിരുന്നു ചേദ്യം. സാധാരണഗതിയില്‍ ഇംഗ്ലണ്ട്, അമേരിക്ക എന്നെല്ലാമാണ് ആളുകള്‍ പറയാറ്. പക്ഷെ താന്‍ ഒരു വ്യത്യസ്തമായ ഉത്തരം ആയിരുന്നു പറഞ്ഞത്. എനിക്ക് ഗുജറാത്തിനെ ദക്ഷിണ കൊറിയയെ പോലെ ആക്കണം എന്നായിരുന്നു താന്‍ പറഞ്ഞത്.മാധ്യമപ്രവര്‍ത്തകന് ഒന്നും മനസ്സിലായില്ല. ഗുജറാത്തും ദക്ഷിണകൊറിയയും തമ്മില്‍ ജനസംഖ്യയിലുള്ള സാമ്യത പറഞ്ഞുകൊടുത്തു. താനത് സൂക്ഷ്മമായി പഠിച്ചുവെന്നും അതേ ദിശയില്‍ മുന്നോട്ട് നീങ്ങിയാല്‍ നമുക്ക് ഒരുപാട് മുന്നേറാമെന്നും താന്‍ അന്ന് പറഞ്ഞു.
 
രാജ്യത്തെ വ്യവസായ സൗഹൃദമാക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. രാജ്യത്തെ നികുതി സംവിധാനം നാം പരിഷ്‌കരിച്ചു കഴിഞ്ഞു. നികുതി സംവിധാനം കൂടുതല്‍ വേഗതയുള്ളതും സുതാര്യവുമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ബാങ്കിങ് സംവിധാനവും ശക്തിപ്പെടുകയാണ്. കഴിവ്, നയം, പ്രവര്‍ത്തനം എന്നിവയാണ് പുരോഗതിയിലേക്കുള്ള ഉറവിടങ്ങള്‍.
 
സര്‍ക്കാര്‍ 400 റെയില്‍വേ സ്‌റ്റേഷനുകള്‍ ആധുനികവത്കരിക്കാന്‍ പോകുകയാണ്. പുതിയ 100 വിമാനത്താവളങ്ങളും ഹെലിപ്പാടുകളും ഉടന്‍ നിര്‍മിക്കും. ആരോഗ്യ രംഗത്ത് വലിയ നിക്ഷേപത്തിനുള്ള സാധ്യത ഒരുക്കുകയാണ് ആയുഷ്മാന്‍ ഭാരത് യോജന എന്ന പദ്ധതിയിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്ക്കരി, പിയൂഷ് ഗോയല്‍, രവി ശങ്കര്‍ പ്രസാദ് എന്നിവരും പരിപാടിയില്‍ സംസാരിച്ചു.
 
content highlights: Wanted To Turn Gujarat Into South Korea, Narendra Modi