രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിനിടെ |ഫോട്ടോ:PTI
ന്യൂഡല്‍ഹി: ലണ്ടനില്‍ താന്‍ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതിന് പാര്‍ലമെന്റില്‍ മറുപടി പറയാന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാല് മന്ത്രിമാര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടി പറയേണ്ടത് തന്റെ അവകാശമാണെന്നും രാഹുല്‍ വ്യക്തമാക്കി.
'നാല് മന്ത്രിമാരാണ് എനിക്കെതിരെ പാര്‍ലമെന്റില്‍ ആരോപണം ഉന്നയിച്ചത്. അതിന് സഭയില്‍ തന്നെ മറുപടി നല്‍കേണ്ടത് എന്റെ അവകാശമാണ്. ഇന്ന് ഞാന്‍ സ്പീക്കറോട് ഇക്കാര്യം ആവശ്യപ്പെട്ടു. സ്പീക്കറുടെ ചേംബറിലേക്ക് ഇതിനായിട്ടാണ് പോയത്. എന്നാല്‍ അദ്ദേഹം ഉറപ്പൊന്നുംനല്‍കിയില്ല. പുഞ്ചിരിക്കുകയാണ് ചെയ്തത്. എന്നാലും എന്നെ നാളെ സംസാരിക്കാന്‍ അനുവദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'രാഹുല്‍ പറഞ്ഞു.
തനിക്കെതിരെ ആരോപണം ഉന്നയിച്ച മന്ത്രിമാര്‍ക്ക് മറുപടി നല്‍കേണ്ടത് തന്റെ ജനാധിപത്യപരമായ അവകാശമാണ്. ഇന്ത്യയില്‍ ജനാധിപത്യം തുടരുന്നുണ്ടെങ്കില്‍ പാര്‍ലമെന്റില്‍ തനിക്ക് തന്റെ ഭാഗം പറയാനാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
'നിങ്ങള്‍ കാണുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരീക്ഷണമാണ്. ഒരു പാര്‍ലമെന്റ് അംഗത്തെക്കുറിച്ച് ബിജെപിയുടെ നാല് നേതാക്കള്‍ ആരോപണം ഉന്നയിച്ചതിന് ശേഷം, ആ നാല് മന്ത്രിമാര്‍ക്കും നല്‍കിയ അതേ സ്ഥലം ആ എംപിക്ക് നല്‍കുമോ അതോ അദ്ദേഹത്തോട് മിണ്ടാതിരിക്കാന്‍ പറയുമോ?' രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
സംസാരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കാണാന്‍ രാഹുല്‍ പാര്‍ലമെന്റില്‍ എത്തിയിരുന്നു.
'എന്റെ ചോദ്യം വളരെ ലളിതമാണ്. എന്തുകൊണ്ടാണ് പ്രതിരോധ കരാറുകള്‍ എപ്പോഴും അദാനിക്ക് നല്‍കുന്നത്? എന്തിനാണ് രാജ്യത്തുടനീളമുള്ള മിക്ക വിമാനത്താവളങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ അദ്ദേഹത്തിന് കരാര്‍ നല്‍കുന്നത്? പ്രധാനമന്ത്രി മോദിക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാനും ഗൗതം അദാനിക്കും ഓസ്ട്രേലിയയില്‍ നിന്നുള്ള നേതാവിനുംഇടയില്‍ എന്താണ് സംഭവിച്ചത്? ഷെല്‍ കമ്പനികളില്‍ ആരുടെ പണമുണ്ടെന്ന് അറിയാനും ഞാന്‍ ആഗ്രഹിക്കുന്നു' രാഹുല്‍ പറഞ്ഞു.
Content Highlights: ‘Want to speak in Parliament-Rahul Gandhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..