പട്‌ന: ബീഹാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും അദ്ദേഹത്തിന്റെ 'സ്യൂട്ടുധാരികളായ' സുഹൃത്തുക്കളില്‍ നിന്നും രക്ഷിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബീഹാറിലെ റാംനഗറില്‍ വെസ്റ്റ് ചമ്പാരണ്‍ ജില്ലയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍. 

 

ഇത് പാവപ്പെട്ടവരുടെ സര്‍ക്കാരല്ലെന്നും സമ്പന്നര്‍ക്കായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിക്കും ബിജെപിയ്ക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ഉന്നയിച്ചത്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിറ്റിരുന്ന ആളായിരുന്നെന്നാണ് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം 15 ലക്ഷം രൂപയുടെ സ്യൂട്ടാണ് ധരിക്കുന്നത്. സ്യൂട്ട് ധരിച്ചവരുമായാണ് അദ്ദേഹത്തിന് ബന്ധമുള്ളത്. തന്റെ സ്യൂട്ടുധാരികളായ  സുഹൃത്തുക്കള്‍ രാജ്യത്തിന്റെ ഭാവി മാറ്റിമറിക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്- രാഹുല്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

 

ബീഹാറില്‍ ഭരണം ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഊന്നല്‍ നല്‍കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.