ഐസ്വാള്‍: മിസോറാമില്‍ പുതിയ ചീഫ് സെക്രട്ടറിയെ നിയമിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ മാറ്റം വരുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് മിസോറാം മുഖ്യമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്ത് ശ്രദ്ധേയമാകുന്നു. തന്റെ സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് ഹിന്ദി അറിയില്ല. ചിലര്‍ക്ക് ഇംഗ്ലീഷ് പോലും അറിയില്ല. അതിനാല്‍ മിസോ ഭാഷ അറിയുന്ന ഒരാളെ തന്നെ ചീഫ് സെക്രട്ടറിയായി നിയമിക്കണമെന്ന് മിസോറം മുഖ്യമന്ത്രി പു സോറംതംഗ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ പറയുന്നു. 

കേന്ദ്രത്തിന്റെ ഉത്തരവ് പുന:പരിശോധിക്കണമെന്നും മിസോ ഭാഷാജ്ഞാമില്ലാത്ത സംസ്ഥാന ചീഫ് സെക്രട്ടറിയെ മാറ്റണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മിസോ ഭാഷയില്‍ പ്രവര്‍ത്തന ജ്ഞാനമില്ലാത്ത രേണു ശര്‍മ്മയുടെ സ്ഥാനത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി ജെ സി രാംതംഗയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കണമെന്ന് അദ്ദേഹം അമിത് ഷായ്ക്ക് അയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.

'എന്റെ ചീഫ് സെക്രട്ടറി ലാല്‍നുന്‍മാവിയ ചുവാഗോ വിരമിച്ചതിന് ശേഷം, എന്റെ ഇപ്പോഴത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി ജെ സി രാംതംഗയെ (മണിപ്പൂര്‍ കേഡര്‍) അടുത്ത ചീഫ് സെക്രട്ടറിയാക്കാന്‍ ഞാന്‍ നേരത്തെ തന്നെ അഭ്യര്‍ത്ഥിച്ചിരുന്നതാണ്. എന്നാല്‍ ആഭ്യന്തര മന്ത്രാലയം ശ്രീമതി രേണു ശര്‍മ്മയെ ആണ് പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചത്', ഒക്ടോബര്‍ 29ന് ആഭ്യന്തരമന്ത്രാലയത്തിന് അയച്ച കത്തില്‍ മുഖ്യമന്ത്രി സോറംതംഗ ചൂണ്ടിക്കാട്ടി.

1988 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയായ രേണു ശര്‍മയെ നവംബര്‍ ഒന്നു മുതല്‍ മിസോറാമിന്റെ ചീഫ് സെക്രട്ടറിയായി നിയമിച്ചുകൊണ്ട് ഒക്ടോബര്‍ 28-നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. അതേ ദിവസം തന്നെ, നവംബര്‍ ഒന്ന് മുതല്‍ ചീഫ് സെക്രട്ടറിയായി ജെ.സി. രാംതംഗ ചുമതലയേല്‍ക്കാനും മിസോറം സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. ഇതോടെ മിസോറാമിന് ഇപ്പോള്‍ രണ്ട് ചീഫ് സെക്രട്ടറിമാരായി.

'മിസോറാം സംസ്ഥാനം രൂപീകരിച്ചതിനുശേഷം മിസോ ഭാഷ അറിയാത്ത ഒരു ചീഫ് സെക്രട്ടറിയെ ഇന്ത്യാ ഗവണ്‍മെന്റ് ഒരിക്കലും സംസ്ഥാനത്ത് നിയമിച്ചിട്ടില്ല. അത് യുപിഎ സര്‍ക്കാരായാലും എന്‍ഡിഎ സര്‍ക്കാരായാലും ഇത് ചെയ്തിട്ടില്ല. ഇത് മിസോറാം സംസ്ഥാനം രൂപീകൃതമായത് മുതല്‍ തുടര്‍ന്ന് വരുന്ന ഒരു സമ്പ്രദായമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍, അതാത് സംസ്ഥാനത്തിന്റെ അടിസ്ഥാന പ്രവര്‍ത്തന ഭാഷ പോലും അറിയാത്ത ഒരു ചീഫ് സെക്രട്ടറിയെ ഒരിക്കലും നിയമിക്കുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണെന്നും മുഖ്യമന്ത്രി പു സോറംതംഗ കൂട്ടിച്ചേര്‍ത്തു.

തുടക്കം മുതല്‍ താന്‍ എന്‍ഡിഎയുടെ വിശ്വസ്ത പങ്കാളിയാണെന്നും തന്റെ അഭ്യര്‍ത്ഥന പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അമിത് ഷായ്ക്ക് അയച്ച കത്തില്‍ പറയുന്നു.

Content highlights: Want a chief secretary who have knowledge on mizo langage says mizoram minister to amit shah