ചെന്നൈ: പ്രസിദ്ധീകരണ രംഗത്തെ മികവ്, യുവാക്കള്‍ക്കു വേണ്ടിയുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ഫലപ്രദമായ ഇടപെടല്‍, പരസ്യ രംഗത്തെ നവീന ആശയങ്ങള്‍ എന്നിവയ്ക്കായി വാന്‍ -ഇഫ്ര ഏര്‍പ്പെടുത്തിയ സൗത്ത് ഏഷ്യന്‍ അവാര്‍ഡില്‍ മാതൃഭൂമിക്ക് മികച്ച നേട്ടം. മൂന്ന് വെങ്കല അവാര്‍ഡുകളാണ് മാതൃഭൂമി നേടിയത്.

യുവാക്കള്‍ക്കു വേണ്ടിയുള്ള നവീന ആശയങ്ങളുടെ വിഭാഗത്തില്‍ മാതൃഭൂമിയുടെ എന്‍ട്രന്‍സ് പഠന സഹായിയായ സില്‍വര്‍ ബുള്ളറ്റ്, ഡിജിറ്റല്‍ അഡ്വര്‍ടൈസിങ് കാമ്പയിന്‍ വിഭാഗത്തില്‍ മാതൃഭൂമി ഡോട്ട് കോം - മില്‍മ കാമ്പയിന്‍, മികച്ച സോഷ്യല്‍ മീഡിയ എന്‍ഗേജ്‌മെന്റിന് ക്ലബ് എഫ്.എമ്മിന്റെ ഏപ്രില്‍ ഫൂള്‍സ് ഡേ പരിപാടി എന്നിവയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്.

മാതൃഭൂമി പബ്ലിക് റിലേഷന്‍സ് മാനേജര്‍ അനുപം ലൂഥ്‌റ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. വാന്‍ ഇഫ്ര സില്‍വര്‍ ജൂബിലി സമ്മേളനത്തോട് അനുബന്ധിച്ച് ചെന്നൈ ഗ്രാന്‍ഡ് ചോള ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വാന്‍ ഇഫ്ര ചെയര്‍മാന്‍ കെ.എന്‍. ശാന്തകുമാര്‍, ഗൂഗിള്‍ മിഡിയ ട്രെയിനിങ് സ്‌പെഷ്യലിസ്റ്റ് സുരഭി മാലിക് എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.