പനജി: ഗോവയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനിയും ഒരു വര്‍ഷത്തിലേറെ ബാക്കിയുണ്ടെങ്കിലും ഒരുമുഴും മുമ്പേയെറിഞ്ഞ് ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി. മുഖ്യമന്ത്രിയായാല്‍ ജോലിക്കാര്‍ക്ക് നിര്‍ബന്ധിത ഉച്ചമയക്ക ഇടവേള നല്‍കുമെന്ന് ഫേര്‍വേര്‍ഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണിക്കും നാല് മണിക്കും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും ജോലിക്കാര്‍ക്ക് ഈ ഇടവേളയെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 

'സമ്മര്‍ദമകറ്റി റിലാക്‌സ് ചെയ്തിരിക്കുക എന്നത് ഗോവന്‍ സംസ്‌കാരമാണ്. അത് നാം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ജോലിത്തിരക്കുകള്‍ക്കിടയില്‍ വിശ്രമത്തിനൊരു ഇടവേളയെടുക്കുന്നത് ശാന്തമായും സ്വസ്ഥമായും ഇരിക്കുന്നതിന്റെ പ്രധാനപ്പെട്ട ഭാഗമാണ്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ഇത്തരം വിശ്രമം നിങ്ങളുടെ കാര്യക്ഷമതയും ഓര്‍മശക്തിയും വര്‍ധിപ്പിക്കും. നിങ്ങളുടെ മാനസികാവസ്ഥയെ സ്വാധീനിക്കും'- അദ്ദേഹം പറഞ്ഞു. 

ഇത്തരം വിശ്രമവേളകളെ അതീവപ്രധാന്യത്തോടെയാണ് ഗോവയിലെ ജനങ്ങളും പരിഗണിക്കുന്നത്. 2-4 വരെയുള്ള സമയം മിക്ക കടകളും താല്‍ക്കാലികമായി അടച്ചിടും. പ്രൊഫഷണല്‍ അപ്പോയിന്‍മെന്റുകളും ഈ നേരത്ത് നടക്കാറില്ല.. ഉച്ചഭക്ഷണം കഴിഞ്ഞാല്‍ മയക്കമെന്നത് ഒരു പൊതുവായ ശീലമാണെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: Vote for Goa Forward Party, get compulsory siesta hour, Forward Party promise in Goa