ബെംഗളൂരു: നിയമസഭാകക്ഷിയോഗത്തില്‍നിന്ന് ചില കോണ്‍ഗ്രസ് എം എല്‍ എമാര്‍ വിട്ടുനിന്നതും കോണ്‍ഗ്രസും സഖ്യകക്ഷികളും തമ്മിലുള്ള കടുത്ത അഭിപ്രായവ്യത്യാസവും വരുംദിവസങ്ങളില്‍ 'അഗ്നിപര്‍വതം പൊട്ടിത്തെറിച്ചേക്കാമെന്ന' സൂചനയാണ് നല്‍കുന്നതെന്ന് കര്‍ണാടക ബി ജെ പി അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ. 

വെള്ളിയാഴ്ച നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍നിന്ന് ചില എം എല്‍ എമാര്‍ വിട്ടുനിന്നതിനു പിന്നാലെയാണ് യെദ്യുരപ്പയുടെ പരാമര്‍ശം. രമേഷ് ജര്‍കിഹോലി, ബി നാഗേന്ദ്ര, ഉമേഷ് ജാദവ്, മഹേഷ് കുമടഹള്ളി എന്നീ എം എല്‍ എമാരാണ് യോഗത്തില്‍നിന്ന് വിട്ടുനിന്നത്. വിട്ടുനില്‍ക്കാനുള്ള കാരണം  വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഈ എം എല്‍ എമാര്‍ക്ക് കത്ത് നല്‍കുമെന്ന് നിയമസഭാ കക്ഷി യോഗത്തിനു ശേഷം സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു. 

ബി ജെ പിയുടെ ഓപ്പറേഷന്‍ താമരയ്‌ക്കെതിരെയുള്ള കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യസര്‍ക്കാരിന്റെ ശക്തി തെളിയിക്കല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട യോഗത്തിലാണ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ പങ്കെടുക്കാതിരുന്നത്. കോണ്‍ഗ്രസ് എം എല്‍ എമാരുടെ അതൃപ്തിയും അമര്‍ഷവുമാണ് അവരുടെ അസാന്നിധ്യത്തിലൂടെ വ്യക്തമായതെന്നും യെദ്യൂരപ്പ പറഞ്ഞു. 

കോണ്‍ഗ്രസ് എം എല്‍ മാരോടുള്ള സിദ്ധരാമയ്യയുടെ സ്വരം നിരാശയും ഭയവും കലര്‍ന്നതാണ്. എം എല്‍ എമാരുമായുള്ള ബന്ധം ശക്തവും സൗഹാര്‍ദപരവുമാണെങ്കില്‍ കൂറുമാറ്റ നിരോധനനിയമപ്രകാരം നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതെന്തിനാണെന്നും സിദ്ധരാമയ്യയോട് യെദ്യൂപ്പ ആരാഞ്ഞു.

content highlights: Volcano waiting to erupt in Cong-JD(S) alliance says yeddyurappa