അഹമ്മദാബാദ്: മഹാത്മാ ഗാന്ധിക്കും മറ്റ് സ്വാതന്ത്ര്യസമര സേനാനികള്‍ക്കും സമര്‍പ്പിക്കാനാവുന്ന മഹത്തരമായ ശ്രദ്ധാഞ്ജലിയാണ് 'വോക്കല്‍ ഫോര്‍ ലോക്കല്‍' പദ്ധതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് ആരംഭം കുറിച്ചു കൊണ്ടുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയം പര്യാപ്തതയുടെ ആവശ്യകതയെ കുറിച്ച് പറഞ്ഞ മോദി, തദ്ദേശ നിര്‍മിത വസ്തുക്കള്‍ വാങ്ങാന്‍ തയ്യാറാകണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തു. 

ദണ്ഡി മാര്‍ച്ച് ആരംഭിച്ച സബര്‍മതി ആശ്രമത്തില്‍നിന്ന് ഇന്നത്തെ അമൃത് മഹോത്സവ് പരിപാടി ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങളില്‍ അഭിമാനത്തിന്റെയും സ്വയം പര്യാപ്തതയുടെയും വീര്യം വര്‍ധിപ്പിക്കുന്നതില്‍ ദണ്ഡിയാത്ര നിര്‍ണായക പങ്കു വഹിച്ചു. ബാപ്പുവിനും നമ്മുടെ മഹാന്മാരായ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുമുള്ള മഹത്തായ ശ്രദ്ധാഞ്ജലിയാണ് 'വോക്കല്‍ ഫോര്‍ ലോക്കല്‍'- മോദി ട്വീറ്റ് ചെയ്തു.

ഏതെങ്കിലും ഒരു തദ്ദേശ നിര്‍മിത ഉത്പന്നം വാങ്ങാനും അതിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന ഹാഷ്ടാഗിനൊപ്പം പങ്കുവെക്കാനും മറ്റൊരു ട്വീറ്റിലൂടെ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. 

കഴിഞ്ഞ വര്‍ഷം കൊറോണ മഹാമാരിയുടെ ആരംഭസമയത്താണ് പ്രധാനമന്ത്രിയുടെ പ്രയോഗത്തിലൂടെ 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന മുദ്രാവാക്യം പ്രചാരം നേടുന്നത്. 

content highlights: Vocal For Local is a wonderful tribute to Bapu and our great freedom fighters.