ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചര്‍ച്ചയായി വി.കെ ശശികല- രജനീകാന്ത് കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ശശികല രജനിയെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. അടുത്തിടെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ രജനികാന്തിന്റെ ആരോഗ്യനില നേരിട്ടെത്തി അന്വേഷിക്കുന്നതിനാണ് ശശികല എത്തിയത്. 

ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേട്ടത്തില്‍ സൂപ്പര്‍താരത്തെ ശശികല അഭിനന്ദിച്ചുവെന്നും ശശികലയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. രജനിയും ഭാര്യ ലത രജനീകാന്തും ചേര്‍ന്നാണ് ശശികലയെ സ്വീകരിച്ചത്. 

'അണ്ണാത്തേ'ക്ക് ശേഷം അടുത്ത വര്‍ഷം പുറത്തിറക്കാനുദ്ദേശിക്കുന്ന ഏതാനും ചിത്രങ്ങളുടെ തിരക്കഥ കേള്‍ക്കുകയാണ് ആശുപത്രിവാസത്തിനും വിശ്രമത്തിനും ശേഷം രജനീകാന്ത്. ശശികലയുടെ സന്ദര്‍ശനവേളയില്‍ എടുത്ത ചിത്രങ്ങള്‍  സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Content Highlights: vk sasikala visits rajnikanth in his home