ചെന്നൈ: ജയില്‍ മോചിതയായ വി.കെ ശശികല തിങ്കളാഴ്ച തമിഴ്‌നാട്ടില്‍ തിരിച്ചെത്തി. നാല് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം തിരിച്ചെത്തിയ ശശികലയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് അണികള്‍ നല്‍കിയത്. ഭരണകക്ഷിയുമായുള്ള ഏറ്റുമുട്ടലുകള്‍ തുടരവേയാണ് തമിഴ് മണ്ണിലേക്ക് ജയലളിതയുടെ ഉറ്റതോഴിയുടെ മടങ്ങിവരവ്.  താന്‍ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകുമെന്നും പൊതു ശത്രുവിനെതിരെ പോരാടുമെന്നും 65 കാരിയായ ശശികല പ്രഖ്യാപിച്ചു.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്  മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ശശികലയുടെ മടങ്ങിവരവ്. ഈ സാഹചര്യത്തില്‍ ശശികലയുടെ മടങ്ങിവരവ് ഭരണകക്ഷിയെ എങ്ങനെ സ്വാധീനിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.

സാധാരണ ഗതിയില്‍ ആറ് മണിക്കൂറ് കൊണ്ട് അവസാനിക്കേണ്ട യാത്ര 15 മണിക്കൂറുകള്‍ എടുത്താണ് ശശികല പൂര്‍ത്തിയാക്കിയത്. വഴിയില്‍  മണിക്കൂറുകളോളം കാത്ത് നിന്ന അനുയായികള്‍ 'ചിന്നമ്മ' വിളികളോടെയാണ് ശശികലയെ വരവേറ്റത്.

കൃഷ്ണഗിരി ജില്ലയിലെ  അതിപ്പള്ളി വഴി രാത്രി 10 മണിയോടെയാണ് ശശികല തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ചത്. ഇതോടെ മണമിക്കൂറുകളോളം കാത്തുനിന്ന അനുയായികള്‍ ആഘോഷം തുടങ്ങി. താളം മുഴക്കിയും നൃത്തം ചവിട്ടിയുമാണ് ചിന്നമ്മയുടെ മടങ്ങിവരവ് അനുയായികള്‍ ആഘോഷിച്ചത്. പുഷ്പ വൃഷ്ടി നടത്തികൊണ്ടാണ് ശശികലയുടെ വാഹനവ്യൂഹത്തെ എതിരേറ്റത്. വീട്ടിലേക്കുള്ള യാത്ര മധ്യേ ക്ഷേത്രങ്ങളും ശശികല സന്ദര്‍ശിച്ചു.

 പൊതു ശത്രു വീണ്ടും ഒരിക്കല്‍ കൂടി അധികാരത്തില്‍ വരാതിരിക്കാന്‍ സംയുക്തമായി പ്രവര്‍ത്തിക്കണമെന്ന്  ശശികല ആഹ്വാനം  ചെയ്തു. ആരെയും  പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു ശശികലയുടെ പ്രസംഗം.

ശശികലയ്ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും  പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും പാര്‍ട്ടി പതാക വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും എഐഎഡിഎംകെ വ്യക്തമാക്കി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കകപ്പെട്ട ശശികല പാര്‍ട്ടി പതാക ഉപയോഗിക്കുന്നതിനെതിരെ നേതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

Content Highlight: VK Sasikala return to Tamil nadu