ഹൈദരാബാദ്: 2019 സെപ്റ്റംബര്‍ 15. അന്ന് നടന്ന ബോട്ട് അപകടത്തിലാണ് വിശാഖപട്ടണം സ്വദേശികളായ ടി. അപ്പാല രാജുവിന്റെയും ഭാര്യ ഭാഗ്യലക്ഷ്മിയുടെയും രണ്ടു പെണ്‍മക്കള്‍ മുങ്ങിമരിച്ചത്. മൂന്നുവയസ്സും ഒരു വയസ്സും പ്രായമുള്ള രണ്ടുമിടുക്കിക്കുട്ടികള്‍. ഗീതാ വൈഷ്ണവി എന്നും ധാത്രി അനന്യ എന്നുമായിരുന്നു അവരുടെ പേര്. ഈ കുഞ്ഞുങ്ങള്‍ മരിച്ച് കൃത്യം രണ്ടുവര്‍ഷത്തിനു ശേഷം, അതായത് 2021 സെപ്റ്റംബര്‍ 15-ന് ഭാഗ്യലക്ഷ്മി വീണ്ടും അമ്മയായി. പിറന്നവീണത് ഇരട്ടക്കുട്ടികള്‍. അതും രണ്ട് പെണ്‍കുഞ്ഞുങ്ങള്‍.

രണ്ടുപെണ്‍കുഞ്ഞുങ്ങളെ മരണം തട്ടിയെടുത്തതിന്റെ രണ്ടാംവാര്‍ഷികത്തില്‍ ഇരട്ട പെണ്‍കുട്ടികള്‍ പിറന്നതിന്റെ സന്തോഷത്തിലാണ് രാജുവും ഭാഗ്യലക്ഷ്മിയും. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ദിവസത്തിന്റെ വാര്‍ഷികത്തില്‍ത്തന്നെ ഇരട്ടക്കുഞ്ഞുങ്ങള ലഭിച്ചത് ദൈവത്തിന്റെ അനുഗ്രഹമാണെന്ന് ഇരുവരും പറയുന്നു. 
ഗ്ലാസ് നിര്‍മാണ കമ്പനിയിലെ ജീവനക്കാരനാണ് രാജു. 

ഭദ്രാചലത്തെ ശ്രീരാമ ക്ഷേത്രത്തില്‍ തീര്‍ഥാടനത്തിന് പോയപ്പോഴാണ് രാജുവിന്റെ മക്കള്‍ മരിച്ച ബോട്ട് അപകടം നടക്കുന്നത്. ഗോദാവരി നദിയിലൂടെ പോവുകയായിരുന്ന ഡബിള്‍ ഡെക്കര്‍ ബോട്ട് ചുഴിയില്‍പ്പെട്ട് കീഴ്‌മേല്‍ മറിയുകയായിരുന്നു. രാജുവിന്റെ മക്കള്‍ ഉള്‍പ്പെടെ അമ്പതുപേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. അന്നത്തെ തീര്‍ഥയാത്രയ്ക്ക് രാജുവും ഭാഗ്യലക്ഷ്മിയും പോയിരുന്നില്ല. യാത്ര പുറപ്പെടുന്നതിന് അവസാനനിമിഷം രാജുവിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി. എന്നാല്‍ മക്കളെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. ആ യാത്ര, പക്ഷെ ഒരിക്കലും തിരിച്ചുവരാത്ത യാത്രയായിരുന്നുവെന്ന് ആ മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല.

രാജുവിന്റെ കുടുംബവുമായി ബന്ധമുള്ള നാലു വീടുകളിലെ 11 പേരായിരുന്നു യാത്രാസംഘത്തിലുണ്ടായിരുന്നത്. രക്ഷപ്പെട്ടത് ഒരാള്‍ മാത്രവും. രാജുവിന്റെ അമ്മയ്‌ക്കൊപ്പമായിരുന്നു ഗീതാ വൈഷ്ണവിയും ധാത്രി അനന്യയും  പോയിരുന്നത്. ആ ബോട്ട് ദുരന്തം തങ്ങള്‍ക്ക് വലിയനഷ്ടമായിരുന്നെന്നും പത്തു ബന്ധുക്കളെ അന്ന് നഷ്ടമായെന്നും ഭാഗ്യലക്ഷ്മി ടൈംസ് ഒാഫ് ഇന്ത്യയോടു പ്രതികരിച്ചു. എന്നാല്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനത്തോടെ ഇപ്പോള്‍ സന്തോഷമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

വന്ധ്യതാ ചികിത്സാ വിദഗ്ധയായ ഡോ. പി. സുധാ പദ്മസാരിയാണ് ഭാഗ്യലക്ഷ്മിയുടെ പ്രസവമെടുത്തത്. ഒരുവര്‍ഷം മുന്‍പ് തന്റെ അടുത്തെത്തുമ്പോള്‍ അതീവ ദുഃഖിതരായിരുന്നു രാജുവും ഭാഗ്യലക്ഷ്മിയുമെന്ന് ഡോക്ടര്‍ പറഞ്ഞു. ഭാഗ്യലക്ഷ്മി മുന്‍പ് ട്യൂബക്ടമിക്ക് വിധേയ ആയിട്ടുണ്ടായിരുന്നു. അതിനാല്‍ ഡോക്ടര്‍ ഐ.വി.എഫിനെ കുറിച്ച് ഇവരോടു പറയുകയും ചികിത്സാനടപടികള്‍ ആരംഭിക്കുകയും ചെയ്യുകയായിരുന്നു. ഒക്ടോബര്‍ ഇരുപതിനായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രസവം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ പതിനഞ്ചിനു തന്നെ പ്രസവവേദന അനുഭവപ്പെടുകയും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയുമായിരുന്നു. 

content highlights: vizag couple lost daughters in boat accident blessed with twin baby girls