ചെന്നൈ: രാജ്യത്ത് നോട്ട് നിരോധനം ഏർപ്പെടുത്തിയിട്ട് വർഷങ്ങളായി. എന്നാൽ കാഴ്ചപരിമിതിയുള്ള തമിഴ്നാട്ടിലെ ചിന്നക്കണ്ണ് എന്ന യാചകൻ ഇക്കാര്യം അറിയുന്നത് കഴിഞ്ഞ ദിവസം. തന്റെ കൈയിലുള്ള നോട്ടുകൾ ചില്ലറയാക്കാൻ എത്തിയപ്പോഴായിരുന്നു രാജ്യത്ത് ആയിരത്തിന്റേയും അഞ്ഞൂറിന്റേയും പഴയ നോട്ടുകൾ നിരോധിച്ചിരിക്കുന്നു എന്ന കാര്യം അറിയുന്നത്.

നോട്ട് മാറ്റിയെടുക്കാൻ അടുത്തുള്ള പലഹാരക്കടയിൽ എത്തിയപ്പോൾ കടക്കാരനായ ആർ കണ്ണയ്യയാണ് ചിന്നക്കണ്ണിനോട് രാജ്യത്ത് നോട്ട് നിരോധനം ഏർപ്പെടുത്തിയ കാര്യം പറയുന്നത്. ഇതോടെ തന്റെ കൈയിലുള്ള 65,000 രൂപയുടെ പഴയ നോട്ടുകൾ ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ ചിന്നക്കണ്ണ് കുഴങ്ങുകയായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹത്തെ വാർധക്യ സഹജമായ രോഗങ്ങൾ അലട്ടുകയായിരുന്നു.

കൃഷ്ണഗിരിയിൽ ഭിക്ഷാടനം നടത്തി ഉണ്ടാക്കിയ സമ്പാദ്യമായിരുന്നു അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നത്. നിരോധിച്ച നോട്ടുകൾ ഒഴിച്ചാൽ വെറും 300 രൂപ മാത്രമാണ് അദ്ദേഹത്തിന്റെ കൈയിലുള്ളതെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ഇത് തീർന്നതിന് ശേഷം ഭക്ഷണത്തിനും മറ്റു ആവശ്യങ്ങൾക്കും എന്ത് ചെയ്യും എന്നറിയാതെ അദ്ദേഹം വിഷമിക്കുകയാണ്.

ഈ അടുത്ത കാലത്താണ് നോട്ട് നിരോധനത്തെ കുറിച്ച് ഞാൻ അറിയുന്നത്, ഇക്കാര്യം ആരും എന്നെ അറിയിച്ചതും ഇല്ല. തന്റെ കൈയിലുള്ള നോട്ടുകൾ മാറ്റിത്തരണം. എന്ന് വ്യക്തമാക്കിക്കൊണ്ട് കളക്ടർക്ക് അദ്ദേഹം നിവേദനം നൽകുകയായിരുന്നു. നിവേദനം ജില്ലാ റെവന്യൂ ഓഫീസർ ജില്ലാ ബാങ്കിലേക്ക് അയക്കുകയായിരുന്നു. എന്നാൽ 2017 മാർച്ച് 31 ആയിരുന്നു പഴയ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസാന ദിവസം. 

നിരോധിച്ച നോട്ടുകൾ ജില്ലാ അഡ്മിനിസ്ട്രേഷൻ യാചകന്റെ പക്കൽ നിന്ന് സ്വീകരിച്ചിട്ടില്ലെന്നും ചിന്നക്കണ്ണിന് അടുത്ത മാസം മുതൽ പെൻഷൻ ഏർപ്പെടുത്തുമെന്നും ജില്ലാ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കിയതായാണ് വിവരം. 

2016 നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിക്കുന്നത്. 500, 1000 രൂപയുടെ പഴയ നോട്ടുകളാണ് നിരോധിച്ചത്. ഇതിന് പിന്നാലെ 2000 ത്തിന്റെയും 500 ന്റെയും പുതിയ നോട്ട് പുറത്തിറക്കുകയും ചെയ്തിരുന്നു.