ന്യൂഡല്‍ഹി: ജാഗ്രത പാലിക്കാത്തപക്ഷം കോവിഡിന്റെ മൂന്നാം തരംഗം ഒക്ടോബറിനും നവംബറിനും മധ്യേ ഉച്ചസ്ഥായിയില്‍ എത്താമെന്ന് വിലയിരുത്തല്‍. രോഗവ്യാപനം വിലയിരുത്താന്‍ ശാസ്ത്ര- സാങ്കേതിക മന്ത്രാലയം രൂപവത്കരിച്ച സമിതിയിലെ അംഗം ഡോ. മനീന്ദ്ര അഗര്‍വാളാണ് ഇക്കാര്യം പറഞ്ഞത്. മൂന്നാം തരംഗത്തില്‍ പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം രണ്ടാം തരംഗത്തില്‍ പ്രതിദിനം രോഗം ബാധിച്ചവരുടെ പകുതി മാത്രം ആയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ പുതിയ വകഭേദങ്ങള്‍ ഉണ്ടായാല്‍ മൂന്നാം തരംഗത്തില്‍ രോഗവ്യാപനം അതിവേഗം നടന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

SUTRA (S-Susceptible, U-Undetected, T-Tested (positive)and Removed Approach) എന്ന രീതി ഉപയോഗിച്ച് കോവിഡ് വ്യാപനം സംബന്ധിച്ച നിഗമനങ്ങളില്‍ എത്തിച്ചേരുന്ന വിദഗ്ധ സമിതിയിലെ അംഗമാണ് ഡോ. അഗര്‍വാള്‍. ഗണിത മാതൃകകള്‍ ഉപയോഗിച്ച് മഹാമാരിയുടെ തീവ്രത പ്രവചിക്കാന്‍ ലക്ഷ്യമിട്ടുള്ള വിദഗ്ധ സമിതി ശാസ്ത്ര-സാങ്കേതിക മന്ത്രാലയം കഴിഞ്ഞ വര്‍ഷമാണ് രൂപവത്കരിച്ചത്. കാണ്‍പുര്‍ ഐഐടിയിലെ ശാസ്ത്രജ്ഞനായ അഗര്‍വാളിന് പുറമെ ഹൈദരാബാദ് ഐഐടിയിലെ ശാസ്ത്രജ്ഞന്‍ എം വിദ്യാസാഗര്‍, ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് ഉപമേധാവി ലഫ്. ജനറല്‍ മാധുരി കണിത്കര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

രോഗപ്രതിരോധശേഷി, വാക്‌സിനേഷന്റെ ഫലം, കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ എന്നിവയാകും മൂന്നാം തരംഗത്തിലെ നിര്‍ണായക ഘടകങ്ങള്‍. മൂന്നാം തരംഗം സംബന്ധിച്ച് സമിതി നടത്തിയ വിലയിരുത്തലുകളുടെ വിശദാംശങ്ങള്‍ ഉടന്‍ ഔദ്യോഗികമായി പുറത്തുവിടും. കോവിഡിന്റെ മൂന്നാം തരംഗത്തിനിടെ രാജ്യത്തെ പ്രതിദിന കേസുകള്‍ 1.5 ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ ഉയരാമെന്ന് ഡോ. അഗര്‍വാള്‍ വിലയിരുത്തുന്നു. രണ്ടാംതരംഗത്തില്‍ രേഖപ്പെടുത്തിയ പ്രതിദിന കേസുകളുടെ പകുതിയില്‍ താഴെയാണിത്.

മെയ് ആദ്യ പകുതിയോടെ ഉച്ചസ്ഥായിയില്‍ എത്തിയ രണ്ടാം തരംഗം രാജ്യത്ത് നിരവധി ജീവനുകള്‍ കവര്‍ന്നിരുന്നു. ആശുപത്രികള്‍ നിറയുന്ന അവസ്ഥയും ഉണ്ടായി. മെയ് ഏഴിന് രാജ്യത്ത് 4,14,188 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടാം തരംഗത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കായിരുന്നു ഇത്. വാക്‌സിനേഷനില്‍ വന്‍ പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ മൂന്നും നാലും തരംഗങ്ങള്‍ക്കുള്ള സാധ്യത കുറവാണെന്നും ഡോ. അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. മൂന്നാം തരംഗത്തില്‍ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന സാഹചര്യം വളരെ കുറവായിരിക്കുമെന്ന് സമിതിയിലെ മറ്റൊരു അംഗം എം വിദ്യാസാഗര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Content Highlights: Virus will spread faster in third wave -  Govt panel scientist