ന്യൂഡല്‍ഹി: പാര്‍ലമെന്ററി കമ്മിറ്റികളുടെ വെര്‍ച്വല്‍ മീറ്റിംഗ് നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരസിക്കപ്പെടാന്‍ സാധ്യത. വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ സുരക്ഷിതമായ പ്ലാറ്റ്‌ഫോമിന്റെ അഭാവം ചൂണ്ടിക്കാട്ടി ആവശ്യം നിരസിച്ചേക്കുമെന്ന്  സര്‍ക്കാര്‍ വ്യത്തങ്ങള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ തന്നെ സുരക്ഷിതമല്ലാത്ത പ്ലാറ്റ്‌ഫോമുകളിലൂടെ പാര്‍ലമെന്റ് കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവും തയ്യാറല്ലെന്നാണ് വിവരം. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുവരും ഊന്നിപ്പറഞ്ഞതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

ഘട്ടംഘട്ടമായി വിമാന, റെയില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിലൂടെയും അന്തര്‍സംസ്ഥാന യാത്രകള്‍ അനുവദിക്കുന്നത് വഴിയും അംഗളുടെ യാത്രകള്‍ക്ക് തടസമില്ലെന്ന് ഉന്നത വൃത്തങ്ങള്‍ പതികരിച്ചു. അതിനാല്‍ യോഗങ്ങള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കാമെന്നും അവര്‍ അറിയിച്ചു. 

രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും അതിന്റെ കമ്മിറ്റികളുടെയും സിറ്റിംഗുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുയാണ്. 

ഇതേ തുടര്‍ന്ന് കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതും ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പാര്‍ലമെന്ററി കമ്മിറ്റികള്‍ അടിയന്തരമായി വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കൊണ്ടുവന്ന തൊഴില്‍ നിയമങ്ങളിലെ മാറ്റങ്ങള്‍ പരിശോധിക്കാനും പ്രതിപക്ഷം ആഗ്രഹിച്ചിരുന്നു.

Content Highlights: Virtual Meeting Of Parliamentary Committees Likely To Be Rejected