ന്യൂഡല്‍ഹി: വീട്ടിലിരുന്നുതന്നെ ഹര്‍ജികള്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യുന്നു. കോടതി രജിസ്ട്രിയില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ കയറുന്നു. ജഡ്ജിമാര്‍ ഒരിടത്ത്. അഭിഭാഷകര്‍ മറ്റൊരിടത്ത്. ആരും തമ്മില്‍ നേരിട്ട് കാണാതെ, രേഖകള്‍ നേരിട്ട് കൈമാറാതെ വാദം നടത്തി കേസുകള്‍ തീര്‍പ്പാക്കുന്നു. 'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം' എന്ന് അടുത്തകാലം വരെ കരുതിയിരുന്ന 'വിര്‍ച്വല്‍ കോടതി' എന്ന സങ്കല്‍പ്പമാണ് കോവിഡ് കാലം യാഥാര്‍ത്ഥ്യമാക്കിയത്. എന്നാല്‍, പരമ്പരാഗത രീതിയില്‍ തുറന്ന കോടതിയിലുള്ള നടപടിക്രമങ്ങള്‍ക്ക് തീര്‍ത്തും പകരമാകാന്‍ വിര്‍ച്വല്‍ കോടതികള്‍ക്കാകുമോ? കാലഘട്ടത്തിന്റെ ആവശ്യമായി വിര്‍ച്വല്‍ കോടതികള്‍ അംഗീകരിക്കപ്പെടുമ്പോള്‍ തന്നെ അതിനെ അനുകൂലിച്ചും എതിര്‍ത്തും വാദം കൊഴുക്കുകയാണ്.
മാര്‍ച്ച് 24 മുതലാണ് സുപ്രീംകോടതിയില്‍ വിര്‍ച്വല്‍ ഹിയറിങ് ആരംഭിച്ചത്. വളരേ അടിയന്തിര പ്രാധാന്യമുള്ള നൂറോളം കേസുകള്‍ മാത്രമേ ഇപ്പോള്‍ പ്രതിദിനം പരിഗണിക്കുന്നുള്ളൂ. സാധാരണ നിലയ്ക്ക് ആയിരത്തിലേറെ കേസുകളാണ് ഒരുദിവസം സുപ്രീംകോടതിയിലെത്തുക. അതില്‍ പലതരം കേസുകളുണ്ടാകും. വിശദമായ വാദംകേള്‍ക്കല്‍ ആവശ്യമായവ, വലിയ ഭരണഘടനാ-നിയമപ്രശ്നങ്ങള്‍ അടങ്ങുന്നവ, ഹ്രസ്വമായ വാദംകേള്‍ക്കല്‍ മാത്രം ആവശ്യമുള്ളവ, ജാമ്യക്കേസുകള്‍, ട്രാന്‍സ്ഫര്‍ പെറ്റീഷനുകള്‍ എന്നിങ്ങനെ വിവിധ തരം കേസുകള്‍.
കോവിഡ് അടച്ചിടല്‍ തുടങ്ങിയതോടെ ഇലക്ട്രോണിക് സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്താന്‍ സുപ്രീംകോടതി ഉള്‍പ്പെടെയുള്ള കോടതികള്‍ ഏതാണ്ട് സജ്ജമായിക്കഴിഞ്ഞു. പരാതിക്കാര്‍ക്കും അഭിഭാഷകര്‍ക്കും സൗകര്യപ്രദമാണെന്നതിനാല്‍ കോവിഡിന് ശേഷവും വിര്‍ച്വല്‍ ഹിയറിങ് തുടരേണ്ടിവരുമെന്നാണ് സുപ്രീംകോടതി നല്‍കിയ സൂചന. സുപ്രീംകോടതിയില്‍ ഇ-ഫയലിങ്, വിര്‍ച്വല്‍ ഹിയറിങ്, നടപടികളുടെ ലൈവ് സ്ട്രീമിങ് എന്നിവ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റി പരിശോധിച്ചുവവരികയാണ്. എന്നാല്‍ നീതിന്യായ വ്യവസ്ഥയുടെ സുതാര്യതയും കാര്യക്ഷമതയും കുറയ്ക്കാന്‍ ഇത് കാരണമാകുമെന്ന ആശങ്കയും ഉയരുന്നു.
അനുകൂലവാദങ്ങള്‍
സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ ചോദ്യംചെയ്തുകൊണ്ട് ഒരു സംവിധാനത്തിനും മുന്നോട്ടുപോകാനാകില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എത്രതന്നെ എതിര്‍ത്താലും വിര്‍ച്വല്‍ ഹിയറിങ്ങും ലൈവ് സ്ട്രീമിങ്ങും ഭാവിയില്‍ വരികതന്നെ ചെയ്യുമെന്ന് കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ആര്‍. ബസന്ത് പറഞ്ഞു. അഭിഭാഷകര്‍ അതിന് സജ്ജമാവേണ്ടിവരും. വീഡിയോ കോണ്‍ഫറന്‍സിങ്ങിന് സാധിക്കില്ലെന്ന് ഒരഭിഭാഷകന്‍ പറഞ്ഞാല്‍ കക്ഷികള്‍ അതിന് സാധിക്കുന്നയാളെ തേടിപ്പോകും. ജാമ്യക്കേസുകള്‍ പോലുള്ളവയില്‍ ഭാവിയിലും വിര്‍ച്വല്‍ ഹിയറിങ് തുടരാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഭിഭാഷകര്‍ എത്തിയില്ലെന്ന കാരണത്താല്‍ അനന്തമായി കേസുകള്‍ നീട്ടിക്കൊണ്ടുപോകുന്നത് വിര്‍ച്വല്‍ ഹിയറിങ്ങില്‍ ഒഴിവാക്കാം. നിശ്ചിത സമയത്ത് അവര്‍ വീഡിയോയില്‍ കയറേണ്ടിവരും. കോടതിമുറിയില്‍ ശബ്ദമുയര്‍ത്തിയും മറ്റും അഭിഭാഷകര്‍ ശ്രദ്ധനേടുന്നത് തടയാനും കേസുകള്‍ അതിന്റെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തീര്‍പ്പാക്കപ്പെടാനും സാധ്യതയേറും.
വലിയ സാമ്പത്തികവിഷയങ്ങള്‍ ഉള്‍പ്പെടുന്ന പ്രമുഖ കേസുകള്‍ക്ക് സുപ്രീംകോടതിയില്‍ ലിസ്റ്റ് ചെയ്യപ്പെടാന്‍ മുന്‍ഗണന ലഭിക്കുന്നതായി അടുത്തിടെ വിരമിച്ച ജസ്റ്റിസ് ദീപക് ഗുപ്ത ചൂണ്ടിക്കാട്ടിയിരുന്നു. കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതില്‍ ചീഫ് ജസ്റ്റിസിന്റേയും രജിസ്ട്രിയുടേയും വിവേചനാധികാരം ഒഴിവാക്കി സാങ്കേതികവിദ്യയുടെ (കമ്പ്യൂട്ടര്‍) അടിസ്ഥാനത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജസ്റ്റിസ് ഗുപ്തയ്ക്ക് സഹജഡ്ജിമാര്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ യാത്രയയപ്പ് നല്‍കിയതും സുപ്രീംകോടതിയുടെ ചരിത്രത്തിലെ ആദ്യസംഭവമായി.
ഒരു മൊബൈല്‍ മതി, കേസ് നടത്താന്‍
ഒരു മൊബൈല്‍ ഫോണ്‍ മാത്രമുപയോഗിച്ചും ഹര്‍ജി ഫയല്‍ ചെയ്ത് വാദംനടത്താമെന്ന് കോവിഡ് കാലത്ത് തെളിയിക്കപ്പെട്ടു. കര്‍ണാടക അതിര്‍ത്തി തുറക്കണമെന്നാവശ്യപ്പെട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ നല്‍കിയ പരാതി അഡ്വ. ഹാരിസ് ബീരാന്‍ കേരളത്തിലിരുന്ന് മൊബൈലിലാണ് തയ്യാറാക്കി ഫയല്‍ ചെയ്തത്. അതിന്റെ വാദം വാട്സാപ്പിലെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തിയതും മൊബൈല്‍ വഴിയായിരുന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നേട്ടം
സുപ്രീംകോടതിയില്‍ നേരിട്ടെത്തി കേസ് നടത്താനുള്ള പ്രയാസങ്ങള്‍ ഇല്ലാതാവുന്നതോടെ കേരളം ഉള്‍പ്പെടെയുള്ള വിദൂര സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് നേട്ടമാകും. പരാതിക്കാര്‍, അഭിഭാഷകര്‍ എന്നിവര്‍ക്ക് ഡല്‍ഹിയിലെത്താനുള്ള സാമ്പത്തികചെലവും മറ്റു ബുദ്ധിമുട്ടുകളും കുറയ്ക്കാം. സുപ്രീംകോടതിക്ക് ദക്ഷിണേന്ത്യയില്‍ ഉള്‍പ്പെടെ മേഖലാ ബെഞ്ചുകള്‍ വേണമെന്ന് കാലങ്ങളായി ആവശ്യമുയരുന്നതും ഇക്കാരണത്താലാണ്.
എതിര്‍വാദങ്ങള്‍
കോടതിയില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്ന് പരാതിക്കാര്‍ക്കും അഭിഭാഷകര്‍ക്കും പൊതുജനങ്ങള്‍ക്കും അറിയാനാവില്ലെന്നതാണ് വിര്‍ച്വല്‍ ഹിയറിങ്ങിന്റെ മുഖ്യന്യൂനതയായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബി.സി.ഐ.) ചൂണ്ടിക്കാട്ടുന്നത്. നല്ലൊരുഭാഗം അഭിഭാഷകര്‍ പുറന്തള്ളപ്പെടാനും ഇത് വഴിയൊരുക്കുമെന്ന് ബി.സി.ഐ. ആശങ്കയറിയിച്ചു. സുപ്രീംകോടതി ബാര്‍ അസോസിയേഷനും സമാനമായ ആശങ്ക പങ്കുവെക്കുന്നു. രാജ്യത്തെ അഭിഭാഷകരിലും ജഡ്ജിമാരിലും നല്ലൊരുഭാഗവും വേണ്ടത്ര സാങ്കേതികപരിജ്ഞാനമില്ലാത്തവരാണ്. അതിനാല്‍ വിര്‍ച്വല്‍ ഹിയറിങ് എല്ലാവര്‍ക്കും പ്രാപ്യമാവില്ല. ജുഡീഷ്യല്‍ നടപടിക്രമങ്ങളുടെ സുതാര്യതയും കാര്യക്ഷമതയിലും കുറവുവരുത്തുമെന്നും എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
ഡല്‍ഹിയിലെ ഇ- കോടതി
ഡല്‍ഹി ഹൈക്കോടതിയിലെ ഒരു കോടതി ഇ-കോടതിയാണ്. ഇലക്ട്രോണിക് രൂപത്തിലാണ് ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെടുന്നത്. അഭിഭാഷകര്‍ ഒരു ഫയലിനേക്കുറിച്ച് പറയുമ്പോള്‍ തന്നെ അതിലെ പ്രസ്തുത പേജുകള്‍ ജഡ്ജിക്ക് മുന്നിലെ സ്‌ക്രീനില്‍ തെളിയും. സുപ്രീംകോടതിയിലും ഇ-ഫയലിങ് അനുവദിച്ചിട്ടുണ്ടെങ്കിലും മേല്‍പ്പറഞ്ഞ സംവിധാനം നടപ്പാക്കിയിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..