ബിജെപി മുക്ത ഹാമിര്‍പുര്‍ ആക്കിയ സുഖു; അമിത് ഷായ്ക്ക് ഉത്തരം നല്‍കി കോണ്‍ഗ്രസ്‌


സുഖ്‌വീന്ദർ സിങ് സുഖു |ഫോട്ടോ:ANI

ഷിംല: 'ആരുടേയെങ്കിലും മകനോ മകളോ അല്ലാത്തതിനാല്‍ പദവികളൊന്നും അയാള്‍ക്ക് ലഭിക്കില്ല' ഹിമാചലിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയുകയുണ്ടായി. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന സുഖ് വീന്ദര്‍ സിങ് സുഖുവിനെ കുറിച്ചായിരുന്നു അമിത് ഷാ ഇങ്ങനെ പറഞ്ഞത്. കോണ്‍ഗ്രസിലെ കുടുംബ വാഴ്ചയെ ചൂണ്ടിക്കാട്ടാനായിരുന്നു ഷാ സുഖ് വീന്ദര്‍ സുഖുവിനെ ഉദാഹരണമാക്കിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞു, കോണ്‍ഗ്രസ് അധികാരംനേടി. കുടുംബ പാരമ്പര്യം പറഞ്ഞ് വീരഭദ്ര സിങിന്റെ കുടുംബം മുഖ്യമന്ത്രി പദത്തിനായി അവകാശം ഉന്നയിച്ചെങ്കിലും അമിത് ഷാ നേരത്തെ പറഞ്ഞ സുഖ് വീന്ദര്‍ സിങ് സുഖുവിനെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കിയിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെയുണ്ടായ നേതാക്കളുടെ ചേരിപ്പോരിനൊടുവിലാണ് ഹിമാചല്‍ പ്രദേശിന്റെ 15-ാമത് മുഖ്യമന്ത്രിയായി സുഖ് വീന്ദര്‍ സിങ് സുഖുവിനെ കോണ്‍ഗ്രസ് തിരഞ്ഞെടുത്തിരിക്കുന്നത്. 40 വര്‍ഷമായി സംസ്ഥാനത്ത് കോണ്‍ഗ്രസിനായി ജീവിതം സമര്‍പ്പിച്ച സുഖ് വീന്ദര്‍ സുഖുവിന് 58-ാം വയസ്സില്‍ പാര്‍ട്ടി മികച്ച പരിഗണന നല്‍കിയിരിക്കുകയാണ്.

ഹിമാചലില്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന വീരഭദ്രസിങ്ങിന്റെ ഭാര്യയും പി.സി.സി. അധ്യക്ഷയുമായ പ്രതിഭ സിങ്ങിന്റെ സമ്മര്‍ദ്ദങ്ങള്‍ അവഗണിച്ചാണ് ഹൈക്കമാന്‍ഡ് സുഖ് വീന്ദറിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

ജനകീയ നേതാവായ സുഖ്‌വീന്ദറിനെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി രാഷ്ട്രീയ ഉത്പന്നമായിട്ടാണ് അറിയപ്പെടുന്നത്. സാധാരണക്കാരനും താഴെ തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് നേതൃസ്ഥാനത്തേക്ക് എത്തുകയും ചെയ്ത സുഖ്‌വീന്ദര്‍ ഹാമിര്‍പുരിലെ നദൗനില്‍നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. നാലാം തവണയാണ് സഭയിലെത്തുന്നത്.

കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിന്റേയും പിതാവ് പ്രേം കുമാര്‍ ധുമലിന്റേയും തട്ടകമായ ഹമിര്‍പുര്‍ ബിജെപിയുടെ ശക്തികേന്ദ്രമായിട്ടാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഹമിര്‍പുര്‍ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും ഇത്തവണ ബിജെപി പരാജയപ്പെട്ടു. നാല് സീറ്റുകളില്‍ കോണ്‍ഗ്രസും ഒരിടത്ത് സ്വതന്ത്രനുമാണ് വിജയിച്ചിരിക്കുന്നത്. ബിജെപി മുക്ത് ഹമിര്‍പുര്‍ എന്നാണിപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഈ ജില്ലയെ വിശേഷിപ്പിക്കുന്നത്. ബിജെപി ശക്തികേന്ദ്രത്തെ ഒന്നടങ്കം മാറ്റിയെടുത്തതിന്റെ ക്രെഡിറ്റ് മുഴുവന്‍ സുഖ് വീന്ദര്‍ സിങ് സുഖുവിനാണ് പ്രവര്‍ത്തകര്‍ നല്‍കുന്നത്. ജില്ലയില്‍ അദ്ദേഹം അത്രമാത്രം ജനസ്വാധീനം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വീരഭദ്ര സിങ്ങിന്റെ എതിര്‍ചേരിയിലായിരുന്നു എല്ലാ കാലത്തും സുഖു. ഇന്ന് ഗാന്ധി കുടുംബത്തിന് പഥ്യമല്ലാത്ത ആനന്ദ് ശര്‍മ്മയടെ വിശ്വസ്തന്‍.

രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധവും സുഖ്‌വീന്ദര്‍ സിങിനുണ്ട്. രാഹുല്‍ ബ്രിഗേഡില്‍ അംഗമായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പദത്തിനായി പരസ്യമായി അവകാശം വാദം ഉന്നയിച്ചിരുന്നില്ലെങ്കിലും 21-ലധികം എംഎല്‍എമാര്‍ അദ്ദേഹത്തിന് ഒളിഞ്ഞും തെളിഞ്ഞും പിന്തുണയര്‍പ്പിച്ചിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച നിരീക്ഷകര്‍ക്ക് സുഖ്‌വീന്ദറിനുള്ള പിന്തുണ വ്യക്തമാകുകയുണ്ടായി.

എംഎല്‍എമാരുടെ പിന്തുണ കൂടാതെ സംഘടനാ ബലം കൂടിയുള്ള നേതാവാണ് സുഖു. ലോവര്‍ ഹിമാചല്‍ മേഖലയില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രികൂടിയാകും അദ്ദേഹം. ഉത്തരേന്ത്യയില്‍ ശക്തമായ കാമ്പസ് രാഷ്ട്രീയം അരങ്ങേറുന്ന ഹിമാചല്‍ സര്‍വലകലാശാലയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. എന്‍എസ്‌യുഐയിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള കാല്‍വെപ്പ്.

ഏഴു വര്‍ഷം എന്‍എസ്‌യുഐ സംസ്ഥാന പ്രസിഡന്റായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍, കോളേജ് പഠനകാലത്ത് വരുമാനം കണ്ടെത്തുന്നതിനായി പത്ര ഏജന്റായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഞ്ച് പതിറ്റാണ്ടോളം സംസ്ഥാന രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തിയ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വീരഭദ്ര സിങിന്റെ എതിര്‍ചേരിയിലും അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകനുമായിരുന്നു സുഖു. പ്രതിഭാ സിങ് മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ചതിന് പിന്നിലും ദീര്‍ഘാനാളായുള്ള ഈ അഭിപ്രായ ഭിന്നതയാണ്. ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രിയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുണ്ടായിരുന്ന മറ്റൊരു പേര്. എന്നാല്‍ അദ്ദേഹത്തിന് വിനയായത് ജാതി രാഷ്ട്രീയമാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. അങ്ങനെ അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കുള്ള ഫോര്‍മുല രൂപപ്പെട്ടു. കുടുംബവാഴ്ചയ്ക്കപ്പുറം സ്വാധീനമുള്ള പ്രാദേശിക നേതാക്കളുടെ അഭാവം കോണ്‍ഗ്രസ് തിരിച്ചറിയുന്നതിന്റെ സൂചന കൂടിയാണ് സുഖുവിന്റെ കാര്യത്തിലുണ്ടായത്‌.

ഹിമാചല്‍ ഏകീകരണത്തിന് ശേഷമുള്ള ആദ്യ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാണ് സുഖു. കമലേഷ് കുമാരിയാണ് ഭാര്യ. 1988-ലായിരുന്നു വിവാഹം. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. രണ്ടുപേരും ഡല്‍ഹി സര്‍വകലാശാലയിലായില്‍ പഠിക്കുകയാണ്.

Content Highlights: Virbhadra Critic, Mass Leader, Product of Student Politics-Know Sukhvinder Sukhu

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented