പല വിധ സര്‍ക്കസുകളിലൂടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് പലരും പറയാറുണ്ട്. ഉപജീവനത്തിനായോ ഇഷ്ടം കൊണ്ടോ സര്‍ക്കസിന്റെ ലോകത്ത് എത്തിച്ചേരുന്നവരുണ്ട്. എന്നാല്‍ വ്യവസായ പ്രമുഖനായ ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ വ്യത്യസ്തമായതും വൈറലായതും ഒരു യുവാവിന്റെ 'സര്‍ക്കസ്' കാരണമാണ്. തന്റെ തൊഴില്‍ ആയാസകരമാക്കാന്‍ വിദഗ്ദ്ധമായി അയാള്‍ ചെയ്യുന്ന 'സര്‍ക്കസി'ന്റെ 57 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം ഒരു ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. 

ഇന്ത്യയിലെ ഏതോ ഒരു നിര്‍മ്മാണസൈറ്റില്‍ നിന്നുള്ള വീഡിയോയാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരിക്കുന്നത്. നിര്‍മ്മാണപ്രവര്‍ത്തനത്തിനുള്ള ഇഷ്ടികകള്‍ യുവാവ് തലച്ചുമടേറ്റുന്നതിന്റെ ദൃശ്യമാണ് വീഡിയോയില്‍. തലയില്‍ വെച്ചിരിക്കുന്ന പലകയിലേക്ക് ആരോ കൈമാറുന്ന ഇഷ്ടികകള്‍ അയാള്‍ മേല്‍ക്കുമേല്‍ അടുക്കി വെക്കുകയാണ്. ആദ്യം രണ്ട്, പിന്നെ അതിന് മീതെ രണ്ട്, പിന്നെ വീണ്ടും രണ്ട്...അങ്ങനെ പതിനാറോളം കട്ടകള്‍.

കഴിഞ്ഞില്ല, അതിന് അപ്പുറവും ഇപ്പുറവും വീണ്ടും അടുക്കി വെക്കുന്നുണ്ട്. കയ്യെത്താത്തിടത്തേക്ക് അതിസാമര്‍ത്ഥ്യത്തോടെ ഇഷ്ടികക്കട്ടകള്‍ എറിഞ്ഞ് വെക്കുന്നുമുണ്ട്. പിന്നീട് അതുമായി നടന്നു നീങ്ങുന്നതും കാണാം.

തന്റെ തൊഴിലിനെ മനോഹരമായ കലയാക്കി മാറ്റിയിരിക്കുന്നതിനെ തീര്‍ച്ചയായും അഭിനന്ദിക്കണമെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചിരിക്കുന്നു. വീഡിയോയിലുള്ള യുവാവിനെക്കുറിച്ച് അറിയാവുന്നവര്‍ വിവരം പങ്കുവെക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്. 

സാഹസികമായ ഈ തൊഴിലിന് പകരം യന്ത്രവത്കരണം ആവശ്യമാണെന്നും ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിലുണ്ട്. ഈ അഭിപ്രായത്തെ നിരവധി പേര്‍ എതിര്‍ത്തു. കാരണം യന്ത്രവത്കരണം വരുന്നതോടെ ഈ തൊഴിലാഴികളുടെ അന്നം മുട്ടാനിടയാവുമെന്ന് റിപ്ലൈയിലൂടെ നിരവധി പേര്‍ അദ്ദേഹത്തെ ഓര്‍മിപ്പിച്ചു. ആയിരത്തിലധികം പേര്‍ ട്വീറ്റ് റീട്വീറ്റ് ചെയ്തു. എണ്ണായിരത്തോളം പേര്‍ പ്രതികരിക്കുകയും ചെയ്തു.

 

Content Highlights: Viral video of man balancing stack of bricks on his head