ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലെ ഹിറ്റ് ഒരു വിമാനത്തിന്റെ വീഡിയോ ആയിരുന്നു. ആകാശത്ത് പറന്ന് കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസപ്രകടനം നടത്തുന്ന ഈ വിമാനം റഫാലാണെന്നും ഇത്ര കഴിവുകളുള്ള ഈ വിമാനം രാജ്യത്തിന് വേണമെന്നും ആവശ്യപ്പെടുന്ന കുറിപ്പുകളോട് കൂടിയാണ് ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്. വിമാനത്തിന്റെ പ്രകടനംം കൊണ്ടും റഫാലിന്റെ രാഷ്ട്രീയ പ്രാധാന്യം കൊണ്ടും ഈ വീഡിയോ ഏറെ ഷെയര്‍ ചെയ്യപ്പെട്ടു. എന്നാല്‍ വീഡിയോയിലെ വിമാനം റഫാലല്ലെന്നും മറിച്ച് റിമോര്‍ട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന കളിപ്പാട്ടവിമാനം മാത്രമാണെന്നും തെളിയിച്ചിരിക്കുകയാണ് ദേശീയ മാധ്യമമായ ഇന്ത്യാടുഡേ.

ദേശീയ തലത്തില്‍ തന്നെ ഫെയ്‌സ്ബുക്കിലും യൂടൂബിലും വാട്‌സ്ആപ്പിലുമെല്ലാം വ്യാപകമായി ഈ വീഡിയോ പ്രചരിച്ചിരുന്നു. ബംഗളൂരുവില്‍ നടന്ന എയിറോ ഇന്ത്യാ ഷോയില്‍ റഫാല്‍ പ്രദര്‍ശിപ്പിക്കുകകൂടി ചെയ്ത പശ്ചാത്തലത്തില്‍ വീഡിയോക്ക് വലിയ സ്വീകാര്യതയും ലഭിച്ചു. സാധാരണ ഫൈറ്റര്‍ വിമാനങ്ങള്‍ക്ക് കഴിയാത്ത രീതിയില്‍ ഈ വിമാനം വളരെ താഴ്ന്ന് പറന്ന് അവിശ്വസനീയമായ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത 2.50 മിനുട്ടുള്ള ഈ വീഡിയോയില്‍ ദൃശ്യമാണ്. റഫാല്‍ വിഷയത്തില്‍ സര്‍ക്കാരിനെ അനുകൂലിക്കുന്നവരാണ് വീഡിയോ കൂടുതല്‍ പ്രചരിപ്പിച്ചത്. 

fake

എന്നാല്‍ വീഡിയോയില്‍ അവസാന ഭാഗത്ത് വിമാനത്തിന്റെ പുറകുവശത്ത് ഫ്‌ളെക്‌സ് എന്ന് എഴുതിയിരിക്കുന്നതാണ് വീഡിയോയുടെ യാഥാര്‍ഥ്യം കണ്ടുപിടിക്കാന്‍ സഹായിച്ചത്. ഇത് പ്രകാരം ഫ്‌ളെക്‌സ് പ്ലെയിന്‍സ് എന്ന് യൂടൂബില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ലഭിച്ചത്് ഇത്തരത്തിലുള്ള വിമാനങ്ങളുടെ അഭ്യാസങ്ങളുടെ നിരവധി വീഡിയോകളാണ്. റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന വിമാനങ്ങളുടെ ചെറുപതിപ്പുകളും റേഡിയോ കണ്‍ട്രോള്‍ഡ് ഉപകരണങ്ങളും നിര്‍മ്മിക്കുന്ന ഫ്‌ളെക്‌സ് ഇന്നൊവേഷന്‍സ് എന്ന കമ്പനിയാണ് ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണത്തില്‍ ഈ വൈറല്‍ വീഡിയോയുടെ പൂര്‍ണ രൂപം കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഇന്ത്യാ ടുഡേയ്ക്ക് ലഭിച്ചു. 

2016 ആഗസ്റ്റ് 19ന് കമ്പനി അപ്ലോഡ് ചെയ്ത ഈ വീഡിയോയ്ക്ക് യഥാര്‍ത്ഥത്തില്‍ 6.29 മിനുട്ട് ദൈര്‍ഘ്യമുണ്ട്. കമ്പനിയുടെ പ്രൊഡക്ട് ആയ എയര്‍ക്രാഫ്റ്റ് എഫ്-16ക്യുക്യു എന്ന മിനിയേച്ചര്‍ വിമാനമാണ് വീഡിയോയില്‍ പരിചയപ്പെടുത്തുന്നത്. വീഡിയോയില്‍ ഈ വിമാനം റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പറത്തുന്നതും ദൃശ്യമാണ്. ഈ ഉല്‍പ്പന്നം 6 ലക്ഷം രൂപയ്ക്ക് ലഭ്യമാണെന്നും വെബ്‌സൈറ്റില്‍ പറയുന്നു. ഈ വീഡിയോയില്‍ വിമാനം അഭ്യാസ പ്രകടനം നടത്തുന്ന ഭാഗം മാത്രം കട്ട് ചെയ്‌തെടുത്താണ് റഫാല്‍ എന്ന പേരില്‍ പ്രചരിപ്പിച്ചിരുന്നത്. ഈ വാര്‍ത്ത പുറത്ത് വന്നതോടെ പല പ്രൊഫൈലുകളും വീഡിയോ മുക്കിയിട്ടുണ്ട്.

content highlights: Viral video, Rafale, emote-controlled toy, fake news