വിശപ്പിന്റെ വിളി എല്ലാ ജീവികള്‍ക്കും ഒരു പോലെത്തന്നെ. ഭക്ഷണം തേടി മനഃപൂര്‍വമല്ലാതെ മനുഷ്യരുടെ ഇടങ്ങളിലെത്തി അമ്പരപ്പിലാവുന്ന വന്യമൃഗങ്ങളുടെ മനസ്സിലെ പകപ്പ് പിന്നീട് പകയാവുന്ന കാഴ്ചകളും അപൂര്‍വമല്ല. വളര്‍ത്തുമൃഗങ്ങളേയും മനുഷ്യരേയും ആക്രമിക്കാനുള്ള വിവേകമില്ലായ്മയിലേക്ക് കാട്ടില്‍ നിന്ന് നാട്ടിലെത്തുന്ന വന്യത നീളുമ്പോള്‍ വലയിലോ കൂട്ടിലോ കുടുങ്ങുകയോ ചിലപ്പോള്‍ ഇവയക്ക്  ജീവന്‍ തന്നെ നഷ്ടമാവുകയോ ചെയ്യാറുണ്ട്. 

ഞായറാഴ്ച മാധ്യമങ്ങളില്‍ ഹൈലൈറ്റായി നിറഞ്ഞത് കെണിയില്‍ നിന്ന് തുറന്ന് വിടുമ്പോള്‍ സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുന്ന ഒരു വന്യജീവന്റെ ചിത്രമാണ്. തമിഴ്‌നാട്ടിലെ മധുരയ്ക്ക് സമീപം ജനുവരി 21 ന് രാത്രയോടെ പ്രത്യക്ഷപ്പെട്ട ഒരു പുള്ളിപ്പുലിയാണ് ചിത്രത്തില്‍. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെ ഇവന്‍ ഇരയാക്കി. 

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു. ശനിയാഴ്ച പുലര്‍ച്ചയോടെ പുലി കൂട്ടില്‍ അകപ്പെട്ടു. സത്യമംഗലം പുലി സംരക്ഷണകേന്ദ്രത്തില്‍പ്പെട്ട തെങ്കുമറഹഡ വനപ്രദേശത്ത് പുലിയെ തുറന്നു വിട്ടു. കൂടെത്തിച്ച വാഹനത്തില്‍ നിന്ന് തനിക്ക് കൂടി അവകാശമുള്ള ഭൂമിയിലേക്കുള്ള അവന്റെ കുതിപ്പിന്റെ ചിത്രം പകര്‍ത്തിയത് തമിഴ്‌നാട് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം. സെന്തില്‍കുമാര്‍ ആണ്. 

 

Content Highlights: Viral Photo Leopard Captured And Freed In Tamil Nadu