പ്രതീകാത്മകചിത്രം | Photo : ANI
ഭോപ്പാല്‍: മഹാരാഷ്ട്രയിലെ നാഗ്തീര്ഥ് വാടിയില്‍ ഇനിമുതല്‍ സൗജന്യമായി വൈഫൈ സംവിധാനം ലഭ്യമാകും. പരിമിതമായ ഇന്റര്‍നെറ്റ് ലഭ്യത മൂലം വിദൂരഗ്രാമത്തിലെ വിദ്യാര്‍ഥികളില്‍ പലര്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മുടങ്ങുന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമാകും. കൂടാതെ ലാത്തൂര്‍ ജില്ലയിലെ ഈ ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് ഫോണുകളിലെ ഹോട്ട്സ്പോട്ട് സംവിധാനത്തിലൂടെ ഇന്റര്‍നെറ്റ് ലഭിക്കാന്‍ ഇനി ഭര്ത്താക്കന്മാര് വീടുകളില്‍ മടങ്ങിയെത്തുന്നതുവരെ കാത്തിരിക്കേണ്ടിയും വരില്ല.
നാഗ്തീര്ഥ് വാടിയെ ഒരു മാതൃകാ ഗ്രാമമാക്കാനുള്ള 'സുന്ദര്‍ മാസാ ഗാവ്'(എന്റെ സുന്ദരഗ്രാമം)പദ്ധതിയുടെ ഭാഗമായാണ് സൗജന്യ വൈഫൈ സേവനം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ അത്യാവശ്യമല്ലാത്ത സൈറ്റുകള്‍ സൗജന്യ സേവനത്തില്‍ ലഭ്യമല്ലെന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ മനോജ് റാവത്ത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ഇന്ത്യയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിന്റെ ആദ്യപടി കൂടിയാണ് ഗ്രാമപഞ്ചായത്തിന്റെ ഈ സേവനമെന്ന് റാവത്ത് കൂട്ടിച്ചേര്‍ത്തു. ആകെ 552 പേരാണ് ഗ്രാമത്തിലുള്ളത്.
സൗജന്യ വൈഫൈ സേവനം കൂടാതെ മറ്റു ചില സംവിധാനങ്ങള്‍ കൂടി ഗ്രാമപഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. പ്രഭാതത്തില്‍ ആരാധനാലയങ്ങളില്‍ നിന്നുള്ള പ്രാര്‍ഥനകളും ഭക്തിഗാനങ്ങളും കേള്‍ക്കാനായി 12 ഉച്ചഭാഷിണികള്‍ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ രാവിലെയും വൈകുന്നേരവും ഈ ഉച്ചഭാഷിണികളിലൂടെ വാര്‍ത്താപ്രക്ഷേപണവും ഉണ്ടാകും. സെപ്റ്റംബര്‍ 11-ഓടെ ഗ്രാമത്തിലെ എല്ലാ ഇടപാടുകളും പേപ്പര്രഹിതമാക്കാനുളള നടപടിയും ഗ്രാമപഞ്ചായത്ത് ആരംഭിച്ചു കഴിഞ്ഞു.
ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക വരുമാനം വര്‍ധിപ്പിക്കുന്നതിനായി തരിശുപ്രദേശങ്ങളിലായി 220 പുളിമരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ 8-10 ലക്ഷം രൂപ ഭാവിയില്‍ വരുമാനം ലഭിക്കുമെന്നാണ് നിഗമനം. പരിസ്ഥിതി സംരക്ഷണത്തിനായി ഗ്രാമത്തിലെ 101 സ്ത്രീകള്‍ 101 ആല്മരങ്ങള് നട്ടു. ഓരോ വൃക്ഷത്തൈയും വല കെട്ടി സംരക്ഷിക്കുകയും ഓരോ ചുറ്റുവലയ്ക്ക് മുകളിലായി ഓരോ തൈ നട്ട സ്ത്രീകളുടെ പേര് രേഖപ്പെടുത്തിയ ഫലകം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമത്തിലെ എല്ലാ വീടുകളിലും 24 മണിക്കൂര്‍ നേരവും കുടിവെള്ളം ലഭ്യമാക്കാനുള്ള സംവിധാനവും ഗ്രാമപഞ്ചായത്ത് ചെയ്തിട്ടുണ്ട്.
ഗ്രാമപഞ്ചായത്തിന്റെ സേവനങ്ങളെല്ലാം തന്നെ ഗ്രാമത്തിലെ ജനങ്ങളുടെ ഐക്യം നിലനിര്ത്താനുതകുന്നവയാണ്. തുടര്‍ച്ചയായി മൂന്ന് തവണ എതിരില്ലാതെയാണ് ഭരണകക്ഷി തിരഞ്ഞെടുപ്പില്‍ വിജയം നേടിയത്. ഗ്രാമത്തിലെ എണ്‍പതോളം യുവജനങ്ങള്‍ രാജ്യത്തിന്റെ പലയിടങ്ങളിലായി ജോലി ചെയ്യുന്നു, ഒരാള്‍ വിദേശത്തും.
Content Highlights: Village In Maharashtra's Latur District Gets Free Wi-Fi Connection
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..