ചെന്നൈ: എല്ലാരും വാങ്കെ എന്ന് തനിനാടന്‍ തമിഴില്‍ ഇവര്‍ പറയുമ്പോള്‍ അത് ഏതെങ്കിലും രുചിപ്പെരുമയിലേക്കുള്ള ക്ഷണമാണെന്ന് ഇന്ന് തമിഴര്‍ക്ക് മാത്രമല്ല മലയാളികള്‍ക്കും അറിയാം. തിരഞ്ഞെടുപ്പുകാലത്ത് രാഹുല്‍ ഗാന്ധി കൂടി ഈ രുചിപ്പെരുമ തേടിയെത്തിയപ്പോള്‍ യൂട്യൂബിലെ ഈ മിന്നും താരങ്ങള്‍ രാജ്യത്തൊന്നാകെ വൈറലായി. പറഞ്ഞുവരുന്നത് തമിഴ്‌നാട്ടിലെ വില്ലേജ് കുക്കിങ്ങ് ചാനലിനെക്കുറിച്ചാണ്. മുത്തച്ഛനും പേരക്കുട്ടികളും ചേര്‍ന്ന വൈറലാക്കിയ ഈ യൂട്യൂബ് ചാനലിന് ഡയമണ്ട് ബട്ടണ്‍ ലഭിച്ചു.  ഡയമണ്ട് ബട്ടണ്‍ അണ്‍ബോക്‌സിങ്ങ് യൂട്യൂബ് ചാനല്‍ വഴി ഇവര്‍ പുറത്തുവിട്ടിരുന്നു. ഒരു കോടി സസ്‌ക്രൈബേഴ്‌സ് ഉള്ള ദക്ഷിണേന്ത്യയിലെ ആദ്യ യൂട്യൂബ് ചാനലാണ് വില്ലേജ് കുക്കിങ്ങ്. 

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി എം.പി സംഘത്തെ സന്ദര്‍ശിക്കുകയും ഇവരോടൊപ്പം പാചകം ചെയ്യുകയും ചെയ്തിരുന്നു. 

തമിഴ്‌നാട്ടിലെ പുതുകോട്ട ജില്ലയിലെ ചിന്നവീരമംഗലത്തിലെ എം പെരിയസ്വമിയുടെ നേതൃത്വത്തില്‍ സഹോദരന്മാരായ വി.സുബ്രഹ്മണ്യന്‍, വി.മുരുകേശന്‍,വി.അയ്യനാര്‍,ജി.തമിഴ്‌ശെല്‍വന്‍,ടി.മുത്തുമാണിക്കം എന്നിവരാണ് വില്ലേജ് കുക്കിങ്ങിന്റെ അണിയറയിലുള്ളത്. പെരിയസ്വാമിയുടെ കൊച്ചുമക്കളാണ് ഇവര്‍.

സസ്‌ക്രൈബേഴ്‌സ് ഒരു കോടി കടന്നതിന്റെ സന്തോഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം കൈമാറിയാണ്  ഇവര്‍ ആഘോഷിച്ചത്.  മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പക്കല്‍ നേരിട്ടെത്തി ഇവര്‍ തുക കൈമാറി. 

യൂട്യൂബ് ചാനലിനായി പാചകം ചെയ്യുന്ന ഭക്ഷണം ഇവര്‍ അനാഥാലയങ്ങളില്‍ വിളമ്പാറാണ് പതിവ്. 

Content Highlight: Village Cooking Channel receives diamond play button from YouTube