
-
ഭോപ്പാല്‍: മോദി സര്‍ക്കാരിനെ വിമര്‍ശിക്കാനൊരുങ്ങി സ്വയം വെട്ടിലായി മധ്യപ്രദേശിലെ കോണ്‍ഗ്രസ്എംഎല്‍എ ജിത്തു പട്വാരി. മോദി സര്‍ക്കാരിന്റെ പദ്ധതികളെ പെണ്‍കുട്ടികളുടെ ജനനവുമായി താരതമ്യപ്പെടുത്തിയ എംഎല്‍എയുടെ ട്വീറ്റാണ് വിവാദമായത്.
'മോദി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളെ വിമര്‍ശിച്ച് ബുധനാഴ്ചയാണ് ജിത്തു ട്വീറ്റ് ചെയ്തത്. 'പുത്രനുണ്ടാകണമെന്ന അത്യാഗ്രഹത്തില്‍ ജനിച്ചത് അഞ്ചുപെണ്‍കുട്ടികളാണ്. ഒന്ന് നോട്ടുനിരോധനം, രണ്ട് ജിഎസ്ടി, മൂന്ന് വിലക്കയറ്റം, നാല് തൊഴിലില്ലായ്മ, അഞ്ച് സാമ്പത്തിക തകര്‍ച്ച. എന്നാല്‍ ഇതുവരെ വികസനം'ജനിച്ചിട്ടില്ല.' എന്നായിരുന്നു ജിത്തുവിന്റെ ട്വീറ്റ്. കഴിഞ്ഞ കമല്‍നാഥ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയും ഇപ്പോള്‍ പിസിസി വര്‍ക്കിങ് പ്രസിഡന്റുമാണ് ജിത്തു പട്വാരി.
പരാജയപ്പെട്ട പദ്ധതികളെ പെണ്‍കുഞ്ഞിന്റെ ജനനത്തോടും വികസനത്തെ ആണ്കുട്ടിയോടും താരതമ്യം ചെയ്തതിനെ വിമര്‍ശിച്ച് ബിജെപി നേതാക്കളുള്പ്പടെയുള്ളവര് രംഗത്തെത്തി.
റാണി ദുര്‍ഗാവതി പോലെയുള്ള വനിതകളുടെ ത്യാഗത്തില്‍ രാജ്യം അഭിമാനം കൊള്ളുന്ന ഇക്കാലത്ത് പെണ്‍കുട്ടികളെ അധിക്ഷേപിക്കാനുള്ള തിരക്കിലാണ് കോണ്‍ഗ്രസെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് വിമര്‍ശിച്ചു.
എംഎല്‍എയുടെ പരാമര്‍ശം ശ്രദ്ധയില്‍ പെട്ട ദേശീയ വനിതാ കമ്മീഷനും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. 'ഇത്തരം മാനസികനിലയുളള ആളുകള്‍ സ്വയം നേതാവാണെന്ന് കരുതുന്നതോര്ത്ത് വിഷമമുണ്ട്. എന്താണ് ഇത്തരക്കാര്‍ തങ്ങളുടെ അണികള്‍ക്ക് പഠിപ്പിച്ചുകൊടുക്കുന്നത്. ഇക്കാര്യത്തില്‍ തീര്‍ച്ചയായും എംഎല്‍എയില്‍ നിന്നും വിശദീകരണം ആവശ്യപ്പെടും.' ദേശീയ വനിതാ കമ്മിഷന് ചെയര്മാന് രേഖ ശര്‍മ പറഞ്ഞു.
എന്നാല്‍ തന്റെ പരാമര്‍ശത്തെ ബിജെപി വളച്ചൊടിക്കുകയായിരുന്നുവെന്നാണ് ജിത്തുവിന്റെ വിശദീകരണം. 'പെണ്മക്കള് ആരാധിക്കപ്പെടേണ്ടവരാണ്. എന്നാല്‍ ബിജെപി എന്റെ ട്വീറ്റിനെ വിവാദമാക്കാന്‍ ശ്രമിക്കുകയാണ്. രാജ്യം മുഴുവനും വികസനത്തെ ഉറ്റുനോക്കുകയാണെന്ന കാര്യം ഞാന്‍ വീണ്ടും ഉറപ്പിച്ചുപറയുന്നു.' എംഎല്‍എ കുറിച്ചു.
Content Highlights: Vikas not born yet: MP MLA Jitu Patwari’s sexist remark triggers outrage
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..