ചെന്നൈ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ് മത്സരിക്കണം എന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ വീണ്ടും പോസ്റ്റർ പ്രചാരണം. വിജയ് ആരാധകരാണ് സംസ്ഥാനത്താകെ പോസ്റ്ററുകൾ പതിക്കുന്നത്. വിജയിയെ തമിഴ്നാടിന്റെ ഭാവി മുഖ്യമന്ത്രിയാക്കി ഉയർത്തിക്കാട്ടുകയാണ് ആരാധകർ. '2021-ലെ തിരഞ്ഞെടുപ്പിൽ തമിഴകത്തെ നയിക്കാൻ വാ' എന്നെഴുതിയ പോസ്റ്ററുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നു കഴിഞ്ഞു. ഇത് രാഷ്ട്രീയ വിവാദമായിക്കൂടി വളരുകയാണ്.

മധുരയിലും തേനിയിലുമെല്ലാം ആരാധകർ പതിച്ച പോസ്റ്ററുകളിൽ വിജയിയെ എം.ജി.ആറിനോടാണ് ഉപമിച്ചിരിക്കുന്നത്. എം.ജി.ആറിന്റെ തനത് വേഷത്തിൽ വിജയ്, റിക്ഷാക്കാരനിലെ എം.ജി.ആറിന് പകരം വിജയ്, വിജയുടെ സൈക്കിളിന് പിറകിൽ എം.ജി.ആർ, തുടങ്ങി എം.ജി.ആറിന്റെ പാരമ്പര്യം തുടരാനെത്തുന്നയാൾ എന്ന നിലയിലാണ് നടനെ അവതരിപ്പിച്ചിരിക്കുന്നത്. തേനിയിൽ പോസ്റ്റർ പതിച്ച വിജയ് ആരാധകർക്കെതിരെ അനുമതിയില്ലാതെ പോസ്റ്റർ പതിച്ചെന്ന കുറ്റം ചുമത്തിപോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഡി.എം.കെ.യിൽ നിന്ന് കലഹിച്ച് പുറത്ത് വന്ന് പുതിയ പാർട്ടിയുണ്ടാക്കിയ എം.ജി.ആർ പിന്നീട് മുഖ്യമന്ത്രിയായി. മരണം വരെ പത്ത് വർഷക്കാലം ആ സ്ഥാനത്ത് തുടർന്നു. സിനിമയിൽനിന്നെത്തി രാഷ്ട്രീയത്തിൽ വിസ്മയകരമായി മുന്നേറിയ എം.ജി.ആറിനെപ്പോലെതന്നെയാകും വിജയുമെന്ന് ആരാധകർ തുടർച്ചയായി പറയുന്നത് അണ്ണാ ഡിഎംകെയെ പ്രകോപിപ്പിച്ചിട്ടുണ്ട്. എന്നാൽ എം.ജി.ആറിന്റെ ഇടത്തെ വിജയിയെക്കൊണ്ട് നികത്താനാകില്ലെന്ന് തമിഴ്നാട് ഫിഷറീസ് മന്ത്രിയും അണ്ണാ ഡി.എം.കെ.യിലെ പ്രധാന നേതാവുമായ ഡി.ജയകുമാർ പറഞ്ഞു.

രണ്ടാഴ്ച മുൻപ് മധുരയിലെ പലയിടത്തായി വിജയ് ആരാധകർ സമാനമായി പോസ്റ്റർ പതിച്ചിരുന്നു. എം.ജി.ആറിന്റെയും ജയലളിതയുടേയും വേഷവിധാനങ്ങളോടെ വിജയും ഭാര്യ സംഗീതയും പോസ്റ്ററുകളിൽ നിറഞ്ഞു. ഇരുവരുടേയും ഇരുപതാം വിവാഹ വാർഷികത്തിന്റെ ഭാഗമായി സംസ്ഥാനത്താകെ പല പരിപാടികൾ നടക്കുന്നുണ്ട്. ഏറിയ പങ്കും സഹായ വിതരണങ്ങളാണ്. പക്ഷേ ഏറ്റവും കൂടുതൽ ചർച്ചയായത് മധുരയിലെ ഈ പോസ്റ്ററാണ്. വിജയും സംഗീതയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങണം എന്നാണ് പോസ്റ്ററിലൂടെ മധുരയിലെ ആരാധകർ ആവശ്യപ്പെട്ടത്.

വിജയിയെ പുരട്ചി തലൈവർ എന്നും സംഗീതയെ പുരട്ചി തലൈവി എന്നും പോസ്റ്ററിൽ വിശേഷിപ്പിച്ചിരിക്കുന്നു. അതായത് വിപ്ലവ നായകനെന്നും വിപ്ലവ നായികയെന്നും. എം.ജി.ആറിനെയും ജയലളിതയേയും പാർട്ടി പ്രവർത്തകർ സമാനമായാണ് അഭിസംബോധന ചെയ്തിരുന്നത്.

കുറച്ച് മാസങ്ങൾക്ക് മുൻപ് വിജയിയുടെ അച്ഛൻ എസ്.എ ചന്ദ്രശേഖർ മാതൃഭൂമി ന്യൂസിന് പ്രത്യേക അഭിമുഖം അനുവദിച്ചിരുന്നു. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന സൂചന നൽകിക്കൊണ്ടാണ് അദ്ദേഹം അന്ന് സംസാരിച്ചത്. 'നിങ്ങളെപ്പോലെ ഞാനും ആ ദിവസത്തിനായി കാത്തിരിക്കുന്നു' എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. പക്ഷേ 2021-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള സാധ്യത തീരെ കുറവാണ്.

Content Highlights:vijay fans published posters they want vijay should be contest in assembly election