ന്യൂഡല്‍ഹി:  വ്യോമസേനാ ഉദ്യോഗസ്ഥനെ പൊതുനിരത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ സംഭവത്തില്‍ മൂന്നുപേരെ ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തു.

വ്യോമസേനാ ഉദ്യോഗസ്ഥന്റെ മോട്ടോര്‍സൈക്കിള്‍ കാറില്‍ ഉരസിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ക്രൂരമായി മര്‍ദ്ദിച്ചശേഷം അക്രമി സംഘം തന്റെ ഐ.ഡി കാര്‍ഡും മോട്ടോര്‍ സൈക്കിളിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അപഹരിച്ചുവെന്നും വ്യോമസേനാ ഉദ്യോഗസ്ഥന്‍ പരാതിപ്പെട്ടിരുന്നു.

സംഭവത്തില്‍ അറസ്റ്റിലായ ഒരാള്‍ പാല്‍ വിതരണക്കാരനും മറ്റൊരാള്‍ കടയിലെ ജീവനക്കാരനും മൂന്നാമന്‍ ക്ലബ്ബിലെ ജോലിക്കാരനുമാണെന്ന് പോലീസ് പറഞ്ഞു. അക്രമി സംഘം സഞ്ചരിച്ച കാറുകളും വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഐ.ഡി കാര്‍ഡ് അടക്കമുള്ള അപഹരിക്കപ്പെട്ട വസ്തുക്കളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അക്രമികള്‍ക്കെതികെ കര്‍ശന നടപടി വേണമെന്ന് നിരവധിപേര്‍ സമൂഹ മാധ്യമങ്ങളില്‍ ആവശ്യം ഉന്നയിച്ചിരുന്നു.

കശ്മീര്‍ ബദ്ഗാമിലെ പോളിങ് സ്‌റ്റേഷനില്‍നിന്ന് മടങ്ങിയ സി.ആര്‍.പി.എഫ് ജവാനെ രെുകൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വ്യോമസേനാ ഉദ്യോഗസ്ഥന്‍ ആക്രമണത്തിന് ഇരയായതിന്റെ വീഡിയോയും വൈറലായത്.