ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരടക്കം കൊല്ലപ്പെടാനിടയായ സംഘര്‍ഷത്തില്‍ പിടിയിലായ ആളെ ചോദ്യം ചെയ്യുന്ന വീഡിയോ പുറത്തുവന്നു. ലഖ്‌നൗവില്‍ നിന്നുള്ള അങ്കിത് ദാസിന്റെ വാഹനത്തിലുണ്ടായിരുന്ന ആളാണ് പിടിയിലായത്. 

കര്‍ഷകര്‍ക്ക് നേരെ ഇടിച്ചുകയറ്റിയ വാഹനവ്യൂഹത്തില്‍ അങ്കിത് ദാസിന്റെ വാഹനവും ഉണ്ടായിരുന്നെന്നും തങ്ങള്‍ക്ക് മുമ്പിലുണ്ടായിരുന്ന വാഹനത്തിലുള്ളവരാണ് കര്‍ഷകരെ ഇടിച്ചിട്ടതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിക്കുന്നതിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്.

'വാഹനവ്യൂഹത്തില്‍ താനടക്കമുള്ളവര്‍ ഉണ്ടായിരുന്നു. തങ്ങളുടെ മുന്നില്‍ പോയ മഹീന്ദ്രയുടെ ഥാറാണ് കര്‍ഷകര്‍ക്കു നേരെ ഇടിച്ചു കയറ്റിയത്', പിടിയിലായ ആള്‍ പോലീസ് ചോദ്യം ചെയ്യുമ്പോള്‍ പറയുന്നു.

സംഘര്‍ഷത്തിന് പിന്നാലെ കര്‍ഷകര്‍ പിടികൂടിയ ആളെയാണ് പോലീസ് ചോദ്യംചെയ്തത്. തൊട്ടുപുറകിലുണ്ടായിരുന്ന കറുത്ത ഫോര്‍ച്യൂണര്‍ കാറിലായിരുന്നു ഇയാള്‍ ഉണ്ടായിരുന്നത്. അങ്കിത് ദാസാണ് ഈ വാഹനം ഓടിച്ചിരുന്നത്. മുന്‍ കോണ്‍ഗ്രസ് എംപി അഖിലേഷ് യാദവിന്റെ അനന്തിരവനായ അങ്കിത് ദാസ് ബിജെപി പ്രവര്‍ത്തകനാണെന്നാണ് വിവരം.

ആരാണ് ഇടിച്ച വാഹനത്തിലുണ്ടായിരുന്നതെന്ന് പോലീസ് സ്വരം കുടുപ്പിച്ച് ചോദിക്കുമ്പോള്‍ ഭയ്യയുടെ ആളുകളാണെന്ന് പറയുന്നുണ്ട് പിടിയിലായ ആള്‍. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ ആണ് ഭയ്യ എന്ന് വിളിക്കുന്നത്.

ആശിഷ് മിശ്രയ്ക്ക് യാതൊരു പങ്കുമില്ലെന്ന് കേന്ദ്ര മന്ത്രി ആവര്‍ത്തിക്കുമ്പോഴും യുപി പോലീസിന്റെ എഫ്‌ഐആറില്‍ കൃത്യമായി അദ്ദേഹത്തിന്റെ പങ്ക് വ്യക്തമാക്കുന്നുണ്ട്. ഇതിനിടയിലാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.