ഞായറാഴ്ച രാവിലെ അഫ്ഗാനിസ്താനില്‍ നിന്ന് പറന്നുയര്‍ന്ന ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ യാത്രക്കാരായി രണ്ട് കൈക്കുഞ്ഞുങ്ങളും. അഫ്ഗാന്‍ ജനത നിലവില്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചോ അരക്ഷിതാവസ്ഥയെക്കുറിച്ചോ തിരിച്ചറിവുണ്ടാകുന്ന പ്രായമാകുമ്പോള്‍ അഫ്ഗാനിലെ താലിബാന്‍ അധിനിവേശ വാര്‍ത്തകളൊക്കെ ചിലപ്പോള്‍ അവരുടെ ചരിത്രപഠനത്തിലൊതുങ്ങിയേക്കാം. നിലവിലെ സ്ഥിതിഗതികളെ കുറിച്ച് ഒന്നുമറിയാത്ത പ്രായത്തില്‍, ജീവനും ജീവിതവും കൈപ്പിടിയിലൊതുക്കി പലായനം ചെയ്യുന്ന മാതാപിതാക്കളുടെ കരവലയത്തിനുള്ളില്‍ ഏറെ സുരക്ഷിതരാണവര്‍. 

വിമാനത്തിനുള്ളില്‍ അമ്മയുടെ മടിയിലിരിക്കുന്ന ഒരു കുഞ്ഞിന്റെയും ആ കുഞ്ഞിനോട് കളിചിരികളില്‍ മുഴുകുന്ന ഒരു ചെറിയ പെണ്‍കുട്ടിയുടേയും വീഡിയോ എഎന്‍ഐ ട്വീറ്റ് ചെയ്തു. ഒരു പക്ഷെ വിമാനത്തില്‍ കയറാനായതിന്റെ ആഹ്‌ളാദത്തിലാണ് ആ പെണ്‍കുട്ടി. കുഞ്ഞിനോട് അവള്‍ കൊഞ്ചുകയും ഇടയ്ക്ക് കവിളില്‍ മാറി മാറി ഉമ്മ നല്‍കുകയും ചെയ്യുന്നുണ്ട്. 

കുട്ടികളുടെ ദൃശ്യത്തിനിടെ ഏറെ വികാരനിര്‍ഭരമായി ഒരു സ്ത്രീ സംസാരിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. കഴിഞ്ഞ ഒരാഴ്ചക്കിടെ അനുഭവിച്ച ശാരീരിക-മാനസിക സമ്മര്‍ദ്ദത്തെ കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. 

വിമാനയാത്രക്കുള്ള ആര്‍ടി-പിസിആര്‍ പരിശോധനക്കായി കാത്തു നില്‍ക്കുന്ന മാതാപിതാക്കള്‍ക്കൊപ്പമാണ് രണ്ടാമത്തെ കുഞ്ഞ്. തന്റെ രാജ്യത്ത് നടക്കുന്ന നടുക്കുന്ന സംഭവവികാസങ്ങളെ കുറിച്ചുള്ള അലട്ടലുകളോ തന്റെ അമ്മയുടെ നെഞ്ചില്‍ ഉയരുന്ന ആശങ്കകളോ അറിയാതെ അമ്മയുടെ കൈകളില്‍ സുഖമായിരിക്കുകയാണ് ആ കുഞ്ഞ്.

Afgan Crisis
Photo : NDTV

107 ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ 168 യാത്രക്കാരുമായി വിമാനം ഡല്‍ഹിക്ക് സമീപമുള്ള ഗാസിയാബാദിലെ എയര്‍ബേസില്‍ സുരക്ഷിതമായി ഇറങ്ങി. രാജ്യത്തിന്റെ സാഹചര്യം ദിനംപ്രതി മോശമാവുകയാണെന്ന് മറ്റൊരു വിമാനയാത്രക്കാരി പറഞ്ഞു. മകള്‍ക്കും രണ്ട് പേരക്കുട്ടികള്‍ക്കുമൊപ്പമാണ് അവര്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. 'ഇന്ത്യന്‍ സഹോദരങ്ങള്‍ ഞങ്ങളുടെ രക്ഷക്കെത്തി, അവര്‍(താലിബാന്‍)എന്റെ വീട് കത്തിച്ചു, ഞങ്ങള്‍ക്ക് നല്‍കിയ സഹായത്തിന് ഇന്ത്യയോട് നന്ദി അറിയിക്കുന്നു', അവര്‍ പ്രതികരിച്ചു. 

വ്യോമസേനാ വിമാനങ്ങള്‍ കൂടാതെ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര തുടങ്ങിയ വിമാനക്കമ്പനികളും അഫ്ഗാനില്‍ നിന്നുള്ളവരെ എത്തിക്കാന്‍ സര്‍വീസ് നടത്തുന്നുണ്ട്. അഫ്ഗാനിസ്താനിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നും എന്നാല്‍ ഇന്ത്യാക്കാരെ എത്രയും പെട്ടെന്ന് തിരികെയെത്തിക്കുന്നതിനാണ് പ്രാഥമിക പരിഗണന നല്‍കുന്നതെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.

 

Content Highlights: Video Of Girl Kissing Baby Captures Relief In Reaching India From Kabul