ചണ്ഡീഗഡ്: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരിപ്പ് കൊണ്ടടിച്ച് ബിജെപി നേതാവ് സൊണാലി  ഫോഗട്ട് വിവാദത്തില്‍. ഹരിയാണ ഹിസാര്‍ ജില്ലയിലെ ബല്‍സാമന്ദ് മാര്‍ക്കറ്റ് കമ്മിറ്റി സെക്രട്ടറി സുല്‍ത്താന്‍ സിങിനെ ദാക്ഷിണ്യമില്ലാതെ അടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് സൊണാലി ഫോഗട്ടിനെതിരെ വിവാദം ആളിക്കത്തിയത്. 

വെള്ളിയാഴ്ച സൊണാലി ഫോഗട്ട് ബല്‍സാമന്ദ് മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നതിനിടെ കര്‍ഷകരുടെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ച് ഫോഗട്ടും സിങ്ങും തമ്മില്‍ തര്‍ക്കമുണ്ടായി. സംസാരത്തിനിടെ സുല്‍ത്താന്‍ സിങ് തനിക്കെതിരെ സഭ്യതയില്ലത്ത വാക്കുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ്  അടിക്കാനിടയായതെന്ന് ഫോഗട്ട് പോലീസിന് മൊഴി നല്‍കി. സംഭവം നടക്കുമ്പോള്‍ പോലീസുള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും ഇടപെട്ടിരുന്നില്ല. 

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ 'നിങ്ങളെ പോലെയുള്ളവരില്‍ നിന്നുള്ള അധിക്ഷേപം സഹിച്ചാണോ ഞാന്‍ പ്രവര്‍ത്തിക്കേണ്ടത്? മാന്യമായ ജീവിതം നയിക്കാന്‍ എനിക്ക് അവകാശമില്ലേ. നിങ്ങള്‍ക്ക് ജീവിച്ചിരിക്കാന്‍ ഒരു തരത്തിലും അര്‍ഹതയില്ല' എന്ന് ഫോഗട്ട് സുല്‍ത്താന്‍ സിങ്ങിനോട് പറയുന്നത് വ്യക്തമായി കേള്‍ക്കാം. 

സംസ്ഥാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സംഭവത്തില്‍ ഫോഗട്ടിനെതിരെ നടപടി സ്വീകരിക്കുമോ എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല സംഭവത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കു വെച്ചു കൊണ്ട് കുറിച്ചു. സര്‍ക്കാര്‍ജോലി ചെയ്യുന്നത് ഒരു കുറ്റമാണോയെന്നും മാധ്യമങ്ങള്‍ മൗനം പാലിക്കുന്നത് ശരിയാണോയെന്നും സുര്‍ജേവാല ട്വീറ്റ് ചെയ്തു. 

ഫോഗട്ടിനെതിരെ സുല്‍ത്താന്‍ സിങ്ങിന്റെ പരാതി ലഭിച്ചതായി ഹിസാര്‍ പോലീസ് സൂപ്രണ്ട് അറിയിച്ചു. സംഭവത്തില്‍ പിന്നീട് ഫോഗട്ട് ഖേദം പ്രകടിപ്പിച്ചു. മുമ്പും ഫോഗട്ട് വിവാദത്തില്‍ പെട്ടിട്ടുണ്ട്. ടിക് ടോക്കില്‍ തിളങ്ങി നിന്ന താരമായ സൊണാലി ഫോഗട്ട് 2019 ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദംപുരില്‍ നിന്ന് മത്സരിച്ചെങ്കിലും കോണ്‍ഗ്രസിന്റെ കുല്‍ദീപ് ബിഷ്‌ണോയോട് പരാജയപ്പെട്ടിരുന്നു. 

 

Content Highlights: Video of BJP leader Sonali Phogat beating official in Haryana goes viral