പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ബിഹാര്‍ സ്വദേശികളായ യുവാക്കളെ തമിഴ്‌നാട്ടില്‍ മര്‍ദ്ദിക്കുന്നു എന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന മുന്നറിയിപ്പുമായി തമിഴ്‌നാട് പോലീസും ബിഹാര്‍ പോലീസും. മറുനാടന്‍ തൊഴിലാളികള്‍ക്കിടയില്‍ ഭീതി പരത്തുന്ന ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നവര്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും പോലീസ് അറിയിച്ചു.
ബിഹാറില്‍ നിന്നെത്തിയ തൊഴിലാളികളെ സന്ദര്‍ശിക്കാന്‍ ബിഹാറില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഞായറാഴ്ച തമിഴ്‌നാട് സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
തമിഴ്‌നാട്ടില്‍ ജോലിചെയ്യുന്ന ബിഹാര്‍ സ്വദേശികളെ നാട്ടുകാര്‍ മര്‍ദിക്കുന്നതായി പറയുന്ന രണ്ട് വീഡിയോകളാണ് അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഒരു വീഡിയോ തൊഴിലാളികള്‍ തിരുപ്പൂരില്‍ ആക്രമിക്കപ്പെടുന്നതായും മറ്റൊന്ന് കോയമ്പത്തൂരില്‍ നാട്ടുകാര്‍ അവരെ മര്‍ദ്ദിക്കുന്നു എന്നുമാണ് പ്രചരിപ്പിക്കുന്നത്. രണ്ടു ബിഹാര്‍ സ്വദേശികള്‍ കൊല്ലപ്പെട്ടു എന്ന നിലയിലായിരുന്നു വ്യാജ പ്രചാരണം. ഈ വീഡിയോ ബിഹാര്‍, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്നാടിനെക്കുറിച്ച് തെറ്റിദ്ധാരണ ഉടലെടുക്കാന്‍ കാരണമായിരുന്നു.
വിഷയം ബിഹാര്‍ നിയമസഭയിലുള്‍പ്പടെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വെച്ചത്. നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അവലോകന യോഗം സംഘടിപ്പിക്കുകയും ചെയ്തു. ആരോപണം വാസ്തവവിരുദ്ധമാണെന്നും ബിഹാര്‍ സ്വദേശികള്‍ തമിഴ്‌നാട്ടില്‍ സുരക്ഷിതരാണെന്ന് തമിഴ്‌നാട് പോലീസ് വ്യക്തമാക്കിയതായി ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അറിയിച്ചു.
പ്രചരിക്കുന്നത് പഴയ വീഡിയോ ആണെന്നും ബിഹാര്‍ സ്വദേശികള്‍ തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ടു എന്ന ആരോപണം വാസ്തവവിരുദ്ധമാണെന്നുമാണ് തമിഴ്‌നാട് ഡി.ജി.പി. ശൈലേന്ദ്ര ബാബുവിന്റെ വിശദീകരണം. മറുനാടന്‍ തൊഴിലാളികള്‍ തമിഴ്‌നാട്ടില്‍ സുരക്ഷിതരാണ്. അനാവശ്യ ഭീതി പരത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. ഡി.ജി.പി പറഞ്ഞു.
വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നത് തടയാന്‍ ഇരു സംസ്ഥാനങ്ങളിലേയും പോലീസ് സാമൂഹിക മാധ്യമങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.
Content Highlights: video, attacks, bihar migrant, workers fake, clarifies, tamilnad, dgp, bihar, officials, concern
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..