കൊല്‍ക്കത്ത: പ്രധാനമന്ത്രി പങ്കെടുത്ത നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനുസ്മരണ പരിപാടിയില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രസംഗിക്കാതെ പ്രതിഷേധിച്ചത് ബംഗാള്‍ രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവര്‍ഷാചരണ പരിപാടികളുടെ ഭാഗമായി കൊല്‍ക്കത്ത വിക്ടോറിയ മെമ്മോറിയലില്‍ നടന്ന ചടങ്ങില്‍ മമത പ്രസംഗിക്കവെ ജയ് ശ്രീരാം വിളി ഉയർന്ന സംഭവമാണ് വിവാദത്തിനിടയാക്കിയത്.

സാംസ്‌കാരിക മന്ത്രാലയത്തിന്റെ പരിപാടിയിലേക്ക് കൂടുതല്‍ ക്ഷണക്കത്തുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് നല്‍കിയതെന്നും സദസ്സിലുണ്ടായിരുന്നത് ഭൂരിഭാഗവും ബി.ജെ.പി. പ്രവര്‍ത്തകരായിരുന്നുവെന്നുമാണ് ആരോപണം. പരിപാടിക്ക് രണ്ടുദിവസം മുമ്പായി നിരവധി എംപിമാര്‍ വിക്ടോറിയ മെമ്മോറിയലില്‍ ഉണ്ടായിരുന്നു. അവരാണ് അതിഥികളുടെ പട്ടിക തയ്യാറാക്കിയതും ക്ഷണക്കത്ത് ആര്‍ക്കൊക്കെ നല്‍കണമെന്ന് തീരുമാനിച്ചിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ തയ്യാറായില്ല. 

ഓരോ ബി.ജെ.പി. എംപിമാര്‍ക്കും 300 മുതല്‍ 400 വരെ കാര്‍ഡുകള്‍ നല്‍കിയിരുന്നുവെന്നും ഇതെല്ലാം പാര്‍ട്ടി ഓഫീസിലേക്കാണ് പോയതെന്നുമാണ് ആരോപണം. തല്‍ഫലമായി താഴെനിരയിലുളള പ്രവര്‍ത്തകര്‍ക്കാണ് ക്ഷണക്കത്തുകള്‍ ലഭിച്ചത്. ഇവര്‍ ഇത്തരം പരിപാടികളില്‍ പങ്കെടുമ്പോള്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ച് അറിവുളളവരായിരുന്നില്ല. 

ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുയോജ്യരായിട്ടുളള വ്യക്തികള്‍ക്കായിരുന്നു ക്ഷണക്കത്തുകള്‍ വിതരണം ചെയ്യേണ്ടിയിരുന്നതെന്ന് ബി.ജെ.പിക്കുളളിലെ ചിലര്‍ തന്നെ സമ്മതിക്കുന്നുണ്ട്. 30 ബി.ജെ.പി. സന്നദ്ധ പ്രവര്‍ത്തകരാണ് വേദിയില്‍ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ പരിപാടി നിയന്ത്രിക്കാന്‍ ബി.ജെ.പി. സന്നദ്ധപ്രവര്‍ത്തകര്‍ എന്തിനായിരുന്നുവെന്നാണ് ഉയരുന്ന ചോദ്യം. 

'ജയ്ശ്രീറാം മുദ്രാവാക്യം ചിലര്‍ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പ്രതിഷേധത്തോടെയും ഉപയോഗിക്കാറുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ അത്തരം മുദ്രാവാക്യങ്ങള്‍ മുഴക്കിയതിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നില്ല. അത് സംഭവിച്ചുപോയി', മുന്‍ എംഎല്‍എയും ബിജെപി വക്താവുമായ ശ്രമിക് ഭട്ടാചാര്യ സംഭവത്തിന് ശേഷം പ്രതികരിച്ചു. 

എന്നാല്‍ കൈലാഷ് വിജയവര്‍ഗിയയും ദിലീപ് ഘോഷും വളരെ 'ജനപ്രിയ അഭിവാദ്യ'ത്തിനെതിരേ മമത പ്രതികരിച്ചതിനെ വിമര്‍ശിച്ച് രംഗത്തെത്തി. 

വിക്ടോറിയ മെമ്മോറിയലില്‍ നടന്ന ചടങ്ങില്‍ പ്രസംഗിക്കാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ സദസ്സില്‍ നിന്ന് ജയ്ശ്രീറാം വിളികള്‍ മുഴങ്ങിയതാണ് മമതയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ക്ഷണിച്ചുവരുത്തി അപമാനിക്കരുതെന്ന് പ്രസ്താവിച്ച് അവര്‍ പ്രസംഗിക്കാതെ പ്രതിഷേധിക്കുകയായിരുന്നു. 

ഏതായാലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ ഈ സംഭവവും ആയുധമാക്കാനുളള നീക്കത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. 

Content Highlights:Victoria Memorial Incident: BJP had cornered invites to event