ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎ എംപിമാര്‍ക്കായി നടത്തിയ ഡമ്മി വോട്ടെടുപ്പില്‍ 16 വോട്ടുകള്‍ അസാധു. ബിജെപിയുടെയും സഖ്യകക്ഷികളുടെയും എംപിമാര്ക്കുവേണ്ടിയാണ് വെള്ളിയാഴ്ച വോട്ടിങ് പരിശീലനവും ഡമ്മി വോട്ടെടുപ്പും നടന്നത്. ശനിയാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ ബിജെപി വോട്ടുകളെല്ലാം ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം.
അസാധുവാകാതെ ശരിയായ സ്ഥാനാര്‍ഥിക്ക് എങ്ങനെ വോട്ട് രേഖപ്പെടുത്തണമെന്ന പരിശീലനമായിരുന്നു ആദ്യം നടന്നത്. അതിനു ശേഷമായിരുന്നു വോട്ടെടുപ്പ്. എന്നാല്‍ വോട്ടെടുപ്പില്‍ 16 പേര് ചെയ്തത് അസാധു വോട്ടുകളായിരുന്നു. ഇവര്‍ക്ക് വീണ്ടും വോട്ട് രേഖപ്പെടുത്തുന്നതില്‍ പരിശീലനം നല്കി.
വോട്ടര്‍മാരായ എംപിമാരുടെ പ്രകടനത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിരാശ പ്രകടിപ്പിച്ചു. ശനിയാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് എല്ലാ എംപിമാരും പാര്‍ലമെന്റ് ലൈബ്രറിയില്‍ എത്തിച്ചേരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് വീണ്ടും പരിശീലനമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാഴ്ച മുന്‍പ് നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 21 അസാധു വോട്ടുകളാണ് രേഖപ്പെടുത്തപ്പെട്ടത്. ഇതില്‍ ഭൂരിപക്ഷവും ബിജെപി എംപിമാരുടേതായിരുന്നു. കഴിഞ്ഞ ആഴ്ച ചേര്‍ന്ന ഒരു പാര്‍ട്ടി യോഗത്തില്‍ വോട്ട് രേഖപ്പെടുത്തുക എന്ന നിസ്സാരമായ പ്രക്രിയ ശരിയായി ചെയ്യാന്‍ സാധിക്കാത്തതിന് ബിജെപി എംപിമാരെ അമിത് ഷാ ശക്തമായി വിമര്‍ശിച്ചിരുന്നു. ബിജെപി എംപിമാരുടെ ഭാഗത്തുനിന്ന് വലിയ തോതില്‍ അസാധു വോട്ടുകള്‍ ഉണ്ടാവുന്നത് ആശങ്കയോടെയാണ് പാര്‍ട്ടി നേതൃത്വം കാണുന്നത്.
മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. മുന്‍ ദേശീയാധ്യക്ഷനുമായ വെങ്കയ്യ നായിഡുവാണ് എന്‍.ഡി.എ. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. ബംഗാള്‍ മുന്‍ ഗവര്‍ണറും ഗാന്ധിജിയുടെ ചെറുമകനുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷസ്ഥാനാര്‍ഥി.
ലോക്സഭയില്‍ 337 അംഗങ്ങളും രാജ്യസഭയില്‍ 80 അംഗങ്ങളുമാണ് എന്‍ഡിഎക്കുള്ളത്. എഐഎഡിഎംകെ, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവയുടെ ഇരു സഭകളിലുമുള്ള 67 എംപിമാരും വെങ്കയ്യ നായിഡുവിന് വോട്ട് ചെയ്യും. 395 വോട്ടുകളാണ് വിജയിക്കാന്‍ വേണ്ടത്. വെങ്കയ്യ നായിഡുവിന് 484 വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശനിയാഴ്ച രാവിലെ പത്തുമണി മുതല്‍ അഞ്ചു വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകുന്നേരം ഏഴുമണിയോടെ ഫലപ്രഖ്യാപനം നടക്കും. പാര്‍ലമെന്റിന്റെ ഇരുസഭാംഗങ്ങളും ഉള്‍പ്പെടുന്ന ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ആകെ 790 വോട്ടുകളാണുള്ളത്. 245 രാജ്യസഭാ അംഗങ്ങളും 545 പേര് ലോക്സഭാ അംഗങ്ങളുമാണ്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും വോട്ട് ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..