അയോധ്യ: രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ട് ശിവസേനയും വിശ്വഹിന്ദു പരിഷത്തും വ്യത്യസ്തമായ പരിപാടികള്‍ പ്രഖ്യാപിച്ചതോടെ അയോധ്യ മുള്‍മുനയില്‍. ഇരുസംഘടനകളും നടത്തുന്ന പരിപാടികളുടെ ഭാഗമായി അയോധ്യയില്‍ സുരക്ഷ ശക്തമാക്കി.  42 കമ്പനി സായുധസേന, എഴുന്നൂറോളം പോലീസ് കോണ്‍സ്റ്റബിള്‍മാര്‍, 160 ഇന്‍സ്‌പെക്ടര്‍മാര്‍,റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തുടങ്ങിയവരെ നഗരത്തില്‍ വിന്യസിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലായാണ് അയോധ്യയില്‍ ഇരുസംഘടനകളും പരിപാടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ശിവസേന നേതാവായ ഉദ്ധവ് താക്കറെ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ച അയോധ്യയിലെത്തും. പൂണെയിലെ ശിവ്‌നേരി കോട്ടയില്‍നിന്നുള്ള മണലുമായാണ് ഉദ്ധവ് താക്കറെ അയോധ്യയിലെത്തുന്നത്. ഈ മണല്‍ രാമജന്മഭൂമിയില്‍വച്ച് ക്ഷേത്ര പൂജാരിമാര്‍ക്ക് കൈമാറും. രാമജന്മഭൂമിയില്‍ പ്രാര്‍ഥന നടത്തുന്ന അദ്ദേഹം സരയു നദിയിലെ ആരതി ആഘോഷങ്ങളിലും പങ്കെടുക്കും. ഇതിനുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കും. 

നവംബര്‍ 25 ഞായറാഴ്ചയാണ് വിശ്വഹിന്ദു പരിഷത്തും അയോധ്യയില്‍ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ധര്‍മ്മ സന്‍സാദ് എന്ന പേരില്‍ നടത്തുന്ന ചടങ്ങില്‍ രാജ്യത്തെ വിവിധഭാഗങ്ങളില്‍നിന്നുള്ള സന്യാസിമാരും വിശ്വാസികളും പ്രവര്‍ത്തകരും പങ്കെടുക്കുമെന്നാണ് വി.എച്ച്.പി. നേതാക്കള്‍ അറിയിച്ചത്. 1992ന് ശേഷം ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ രാമജന്മഭൂമിയില്‍ ഒത്തുകൂടുന്ന പരിപാടിയാകും ധര്‍മ്മ സന്‍സാദെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. ധര്‍മ്മ സന്‍സാദിന് മുന്നോടിയായി വി.എച്ച്.പിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിലാകെ റാലികളും സംഘടിപ്പിച്ചിരുന്നു. 

അതേസമയം, രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ടുള്ള ഇത്തരം പരിപാടികളില്‍ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.  വരുംദിവസങ്ങളില്‍ അയോധ്യയില്‍ സുരക്ഷ ശക്തമാക്കണമെന്ന് മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് സുപ്രീംകോടതിയോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാമജന്മഭൂമിയിലെ പരിപാടികളില്‍ ആശങ്കവേണ്ടെന്നും, ഇത് തികച്ചും മതപരമായ പരിപാടിയാണെന്നുമായിരുന്നു വി.എച്ച്.പി നേതാക്കളുടെ പ്രതികരണം. 

Content Highlights: vhp and shivsena organizing ram temple events in ayodhya, security tightened