ലഖ്‌നൗ: രാമക്ഷേത്ര നിര്‍മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേനയുടെയും വി എച്ച് പിയുടെയും വ്യത്യസ്ത പരിപാടികള്‍ ഇന്ന് അയോധ്യയില്‍ നടക്കും. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ശനിയാഴ്ച അയോധ്യയിലെത്തിയിരുന്നു. 

രണ്ടു സംഘടനകളുടെയും നേതൃത്വത്തില്‍ പരിപാടികള്‍ നടക്കുന്ന സാഹചര്യത്തില്‍ കനത്തസുരക്ഷയാണ് അയോധ്യയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വി എച്ച് പിയുടെ ധരംസഭയില്‍ മൂന്നുലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

35 ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ 160 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 700 കോണ്‍സ്റ്റബിളുമാര്‍ എന്നിവരെ അയോധ്യയില്‍ നിയോഗിച്ചിട്ടുള്ളതായി ഉത്തര്‍ പ്രദേശ് പോലീസ് വക്താവിനെ ഉദ്ധരിച്ച് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.

42 കമ്പനി പോലീസ്, അഞ്ച് കമ്പനി ദ്രുതകര്‍മ സേന, നിരവധി തീവ്രവാദ വിരുദ്ധ സ്‌ക്വാഡുകള്‍ എന്നിവരെയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഡ്രോണുകളും നല്‍കിയിട്ടുണ്ട്. സുരക്ഷാസാഹചര്യം വിലയിരുത്തുന്നതിനായി ശനിയാഴ്ച രാത്രി സംസ്ഥാന പോലീസ് മേധാവി, ആഭ്യന്തര സെക്രട്ടറി മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു.

content highlights: vhp and shiv sena demands ram temple construction in ayodhya