ന്യൂഡല്‍ഹി: അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പ്രകടനം വളരെ നിരാശാജനകവും അപ്രതീക്ഷിതവും ആയിരുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഉടന്‍ ചേരുമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി വെര്‍ച്വല്‍ യോഗത്തില്‍ അവര്‍ പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ പ്രകടനം വളരെ നിരാശാജനകമായിരുന്നു. മാത്രമല്ല, അത് അപ്രതീക്ഷിതവുമായിരുന്നു. ഈ ഫലങ്ങള്‍ വിശകലനം ചെയ്യുന്നതിന് ഉടന്‍തന്നെ പ്രവര്‍ത്തക സമിതി യോഗം ചേരും. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഈ തിരിച്ചടിയില്‍നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടെന്ന് സോണിയ ഗാന്ധി പറഞ്ഞു.

പശ്ചിമബംഗാള്‍, അസം, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. പശ്ചിമബംഗാളില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. കേരളത്തിലും ഭരണം പിടിക്കുകക എന്ന ലക്ഷ്യം കോണ്‍ഗ്രസിന് സാധ്യമാകാതിരുന്നത് വലിയ തിരിച്ചടിയായി.

Content Highlights: Very Disappointing... Unexpectedly So- Sonia Gandhi On Election Results