ന്യൂഡൽഹി: ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും സംസാരിക്കുന്ന ഭാഷയായതു കൊണ്ട് തന്നെ രാഷ്ട്ര ഭാഷയായ ഹിന്ദി പഠിക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഇംഗ്ലീഷിന് അമിത പ്രാധാന്യം നല്‍കുന്നുണ്ടെന്നും മാതൃഭാഷയുടെ പ്രചാരം അനിവാര്യമാണെന്നും അദ്ദേഹം അറിയിച്ചു.

സബര്‍മതി ആശ്രമത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാഷ്ട്ര ഭാഷയായതിനാല്‍ ഹിന്ദി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും സംസാരഭാഷയാണത്. അതുകൊണ്ട് തന്നെ ഹിന്ദി പഠിക്കേണ്ടത് പ്രധാനമാണ്. അതേസമയം നമുക്ക് മാതൃഭാഷ അനായാസം കൈകാര്യം ചെയ്യാനും കഴിയണം', വെങ്കയ്യ നായിഡു പറഞ്ഞു. 

'മറ്റ് ഭാഷകളെ പ്രാദേശിക ഭാഷകളെന്ന് ഞാന്‍ പറയില്ല. പക്ഷെ അവയെല്ലാം മാതൃഭാഷകളും ദേശീയ ഭാഷകളുമാണ്. പക്ഷെ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഹിന്ദി രാഷ്ട്ര ഭാഷയായി തീരുകയാണ്. ഇംഗ്ലീഷിനോടുള്ള അമിത പ്രതിപത്തി രാജ്യ പുരോഗതിക്കുതന്നെ തടസ്സമാണ്'.

'നമ്മുടെ പാഠ്യ പദ്ധതിയില്‍ മാതൃഭാഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. നമ്മള്‍ ഇംഗ്ലീഷ് മീിയത്തിന് പ്രാധാന്യം നല്‍കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും വെങ്കയ്യ നായിഡു പറ‍ഞ്ഞു.

എന്നാല്‍ വെങ്കയ്യ നായിഡുവിന്റെ പ്രസ്താവനയ്‌ക്കെതിരെ വിവിധ നേതാക്കള്‍ എതിര്‍പ്പുമായി രംഗത്ത് വന്നു. ഇന്ത്യന്‍ ഭരണഘടനയിലെ 343ാം അനുഛേദത്തില്‍ ഇംഗ്ലീഷിനെയും ഹിന്ദിയെയും ഔദ്യോഗിക ഭാഷയായി മാത്രമാണ് പരിഗണിച്ചതെന്നും അത് രാഷ്ട്ര ഭാഷയല്ലെന്നും പലരും പ്രതികരിച്ചു.

എന്നാണ് നമുക്കൊരു ദേശീയ ഭാഷയുണ്ടായതെന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

ഹിന്ദി ദേശീയ ഭാഷയല്ലെന്നും മനസ്സിലാക്കാന്‍ എളുപ്പമുള്ളതും ഇന്ത്യയില്‍ ഏറ്ററവും കൂടുതല്‍ പ്രചാരത്തിലുള്ളതുമായ ഭാഷമാത്രമാണതെന്നും ശശിതരൂരും ട്വീറ്റ് ചെയ്തു. ഹിന്ദി ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും തരൂർ ട്വീറ്റില്‍ കുറിച്ചു.