ന്യൂഡല്‍ഹി: രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച 12 പ്രതിപക്ഷ എം.പി.മാര്‍ക്കുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് സഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു. സസ്‌പെന്‍ഷനിലായ എംപിമാര്‍ തങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഖേദപ്രകടനം നടത്താന്‍ തയ്യാറായിട്ടില്ലെന്നും അതിനാല്‍ നടപടി പിന്‍വലിക്കില്ലെന്നും നായിഡു വ്യക്തമാക്കി.

എംപിമാര്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്ന് പ്രതിക്ഷ പാര്‍ട്ടികള്‍ ശക്തമായി ആവശ്യപ്പെട്ടെങ്കിലും അത് പരിഗണിക്കുന്നില്ലെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. കഴിഞ്ഞ സമ്മേളനത്തില്‍ ഇന്‍ഷുറന്‍സ് ബില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച എംപിമാരെയാണ് ഈ സമ്മേളനത്തില്‍നിന്ന് സസ്പെന്‍ഡ്  ചെയ്തിരുന്നത്.

സസ്‌പെന്‍ഷന്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങി പോയി. കോണ്‍ഗ്രസ്, ഡിഎംകെ, എസ്പി, ഇടതുപാര്‍ട്ടികള്‍, ആര്‍ജെഡി, ആംആദ്മി പാര്‍ട്ടി എന്നിവരാണ് സഭയില്‍ നിന്ന് ഇറങ്ങി പോയത്. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ സഭയില്‍ തന്നെ തുടര്‍ന്നു.

ഇന്നലെ എംപിമാര്‍ക്കെതിരെ നടപടിയെടുത്തത് ചെയറല്ല, മറിച്ച് സഭയാണ് ഇത്തരമൊരു നടപടി എടുത്തതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് നടപടി പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ത്തിയത്.

സി.പി.എം. രാജ്യസഭാകക്ഷി നേതാവ് എളമരം കരീം, സി.പി.ഐ. രാജ്യസഭാകക്ഷി നേതാവ് ബിനോയ് വിശ്വം എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് ശീതകാലസമ്മേളനത്തിന്റെ ബാക്കിയുള്ള ദിവസങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത്. കോണ്‍ഗ്രസില്‍നിന്ന് ആറുപേരും തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും ശിവസേനയില്‍നിന്നും രണ്ടുപേര്‍ വീതവും സസ്പെന്‍ഷനിലായി.