ബെംഗളൂരു: കാട്ടുകള്ളന്‍ വീരപ്പനെ വധിക്കാന്‍ താന്‍ സഹായിച്ചു എന്ന മുന്‍ തമിഴ്നാട് ഡിജിപി നടരാജിന്റെ പ്രസ്താന തള്ളി മഅദനി. വീരപ്പനെ കൊലപ്പെടുത്താന്‍ താൻ പോലീസിനെ സഹായിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 

ഫെയ്‌സ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തമിഴ്‌നാട് പോലീസിനെ സഹായിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വെളിപ്പെടുത്തല്‍ തന്നെ കുടുക്കാനുള്ള ഗൂഢനീക്കമാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറയുന്നു. വീരപ്പനേക്കാള്‍ വലിയ ശത്രുവായാണ് അന്ന് തമിഴ്‌നാട് പോലീസും മുഖ്യമന്ത്രിയായിരുന്ന ജയലളിതയും തന്നെ കണ്ടിരുന്നത്.

ജയിലിന് പുറത്തേക്ക് എവിടേയും പോകരുതെന്ന് നിരോധനാജ്ഞ പുറപ്പെടുവിച്ച ജയലളിത വീരപ്പനെ പിടിക്കാന്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടു എന്നതിലെ വങ്കത്തം സാധാരണക്കാര്‍ക്ക് മനസിലാവും.

വീരപ്പനെ പിടികൂടാന്‍ സഹായിച്ചത് മഅദനി തന്നെയെന്ന് തമിഴ്നാട് മുന്‍ ഡി.ജി.പി

വലതുകാല്‍ ബോംബ് വെച്ച് തകര്‍ത്ത ശത്രുക്കള്‍ക്ക് മാപ്പ് കൊടുത്തതായി കോടതിയില്‍ വ്യക്തമാക്കി അവരെ വെറുതെ വിടുന്നതിന് സാഹചര്യം ഉണ്ടാക്കിയയാളാണ് താന്‍. തനിക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്ത ഒരാളെ കൊല്ലുന്നതിന് ഏതെങ്കിലും നിലയില്‍ സഹായിക്കേണ്ട ഒരു കാര്യവുമില്ലല്ലോ എന്നും മഅദനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.