ചെന്നൈ: തൂത്തുക്കുടിയിലെ വേദാന്ത കമ്പനിയുടെ വിവാദ ചെമ്പ് ശുദ്ധീകരണ പ്ലാന്റ് വീണ്ടും തുറക്കാനൊരുങ്ങുന്നു. പ്ലാന്റ് അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ശനിയാഴ്ച ദേശീയ ഹരിത ട്രിബ്യൂണല്‍ മരവിപ്പിച്ചതിനെ തുടര്‍ന്നാണ് കമ്പനിയുടെ പുതിയ നീക്കം. കമ്പനിയുടെ പരിസര പ്രദേശങ്ങളിലെ ജനങ്ങള്‍ക്കായി 100 കോടിയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. 

പ്ലാന്റിന്റെ പ്രവര്‍ത്തനം സാരമായ മലിനീകരണം ഉണ്ടാക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് പ്ലാന്റ് അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി ഒരു മാസത്തിനകമാണ് ഹരിത ട്രിബ്യൂണല്‍ ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. നേരത്തെ പ്ലാന്റ് പ്രവര്‍ത്തനം തടയണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് നടന്ന പോലീസ് വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നിരുന്നു. ഇതോടെയാണ് കമ്പനി എന്നെന്നേക്കുമായി അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. ദേശീയ ഹരിത ട്രിബ്യൂണല്‍ രൂപീകരിച്ച മൂന്നംഗ സമിതി വിഷയത്തില്‍ പഠനം നടത്തിയ ശേഷമാണ് ഉത്തരവ് മരവിപ്പിക്കാന്‍ തീരുമാനിച്ചത്. 

മുന്‍ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തരുണ്‍ അഗര്‍വാളായിരുന്നു മൂന്നംഗ സമിതിയുടെ അദ്ധ്യക്ഷന്‍. കമ്പനി അടച്ചുപൂട്ടാനുള്ള തീരുമാനം എടുക്കുന്നതിന് മുമ്പ് വേദാന്ത ഗ്രൂപ്പിന്റെ ഭാഗം കേള്‍ക്കാനോ നോട്ടീസ് നല്‍കാനോ സര്‍ക്കാര്‍ തയ്യാറായില്ലെന്നായിരുന്നു സമിതിയുടെ നിലപാട്. ഇന്ത്യയുടെ വാര്‍ഷിക ചെമ്പ് ഉത്പാദനത്തിന്റെ നാല്‍പ്പത് ശതമാനമാനവും വേദാന്ത സ്റ്റെര്‍ലൈറ്റ് ചെമ്പ് പ്ലാന്റില്‍ നിന്നാണ്. അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥയിലുള്ള കമ്പനിയാണ് വേദാന്ത റിസോഴ്‌സസ്. 

ഹരിത ട്രിബ്യൂണല്‍ നടപടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് സംസ്ഥാന പരിസ്ഥിതി, മലിനീകരണ നിയന്ത്രണ വകുപ്പ് മന്ത്രി കെ.സി കറുപ്പണ്ണ വ്യക്തമാക്കി. കമ്പനിയുടെ അടച്ചുപൂട്ടല്‍ സംബന്ധിച്ച് മുഖ്യമന്ത്രി എടപ്പള്ളി പളനിസ്വാമിയുടെ നിലപാട് ഉറച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..