വരുൺ ഗാന്ധി | Photo: PTI
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും എം.പിയുമായ വരുണ്‍ ഗാന്ധി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി അടുത്തയാഴ്ച ഡല്‍ഹിയിലെത്തുമ്പോള്‍ ഇരുവരും കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.
എന്നാല്‍ വരുണ്‍ പാര്‍ട്ടി മാറുന്നതിനെക്കുറിച്ച് ഇരുപാര്‍ട്ടികളും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ മമത അടുത്തയാഴ്ച നടത്തുന്ന ഡല്‍ഹി സന്ദര്‍ശനം നിര്‍ണായകമാകുമെന്നാണ് കരുതപ്പെടുന്നത്. ഡല്‍ഹിയില്‍ നിരവധി സുപ്രധാന പ്രഖാപനങ്ങള്‍ മമത നടത്തുമെന്ന് തൃണൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ബി.ജെ.പിയില്‍ അസംതൃപ്തരായ, കോണ്‍ഗ്രസില്‍ താല്പര്യമില്ലാത്ത നിരവധി നേതാക്കള്‍ തൃണമൂലിനെ സമീപിക്കുന്നുണ്ടെന്ന് ഒരു മുതിര്‍ന്ന തൃണമൂല്‍ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. മോദിയെയും ബി.ജെ.പിയെയും തടയുന്നതില്‍ മമതക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വരുണ്‍ ഗാന്ധിയെയും മാതാവ് മനേക ഗാന്ധിയെയും ബി.ജെ.പി ദേശീയ പ്രവര്‍ത്തന സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ലഖിംപുര്‍ ഖേരി സംഭവത്തില്‍ ഉള്‍പ്പടെ വരുണ്‍ ബി.ജെ.പി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ബി.ജെ.പി വിടാന്‍ മാനസികമായി തയ്യാറെടുത്ത വരുണ്‍ സുസ്ഥിരതയുള്ള ഒരു പാര്‍ട്ടിയിലേക്ക് മാറാനുള്ള ശ്രമത്തിലായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കോണ്‍ഗ്രസിലേക്ക് പോകുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തൃണമൂല്‍ തന്നെയാണ് വരുണിന്റെ മുന്നിലുള്ള സാധ്യത. വരുണിനെ പോലെ ദേശീയ സ്വീകാര്യതയുള്ള ഒരു നേതാവിനെ ഡല്‍ഹിയില്‍ കിട്ടുന്നത് തൃണമൂലിനും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Varun Gandhi likely to meet Mamata Banerjee in Delhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..