ന്യൂഡല്‍ഹി:  വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരാന്‍ ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ബിജെപി നേതൃത്വം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിലേക്ക് വരുണ്‍ അടുക്കുന്നതെന്നാണ് സൂചന.

സോണിയയും വരുണും തമ്മില്‍ ഒന്നിലേറെ തവണ ഇക്കാര്യം ചര്‍ച്ചചെയ്തു. ഏറ്റവും ഒടുവില്‍ 10 ജന്‍പഥില്‍ വച്ച് മാര്‍ച്ച് 25 നും കൂടിക്കാഴ്ച നടന്നതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

പ്രിയങ്ക ഗാന്ധിയാണ്‌ ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചതും കോണ്‍ഗ്രസിലേക്ക് വരുണെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് പിന്നിലും.  2015 ല്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് മുതല്‍ അമിത് ഷാ വരുണെ ക്രമേണ അകറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു.  

യുപി നിയമസഭാ തിരഞ്ഞെടുപ്പിലും വരുണിന് കാര്യമായ റോളുണ്ടായിരുന്നില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം വരുണുമായി ബിജെപി നേതൃത്വം ആലോചിച്ചില്ല. ഇതോടെയാണ് ഇനി ബിജെപിയില്‍ തുടര്‍ന്നിട്ട് കാര്യമില്ല എന്ന ചിന്തയിലേക്ക് വരുണ്‍ എത്തിയത്.

സോണിയയുമായി വരെ ചര്‍ച്ചനടന്നെങ്കിലും കോണ്‍ഗ്രസിലേക്കുള്ള പ്രവേശവും വരുണിന് അത്ര എളുപ്പമാകില്ല. കോണ്‍ഗ്രസിലെടുത്താല്‍ വരുണിന് എന്ത് ചുമതല നല്‍കണം എന്നതും അധികാര വടംവലിക്ക് ഭാവിയില്‍ അത് കാരണമാകുമോ തുടങ്ങിയ ഭയവും കോണ്‍ഗ്രസിനുണ്ട്.

കേന്ദ്രമന്ത്രിയായ മനേക ഗാന്ധിയും വരുണ്‍ കോണ്‍ഗ്രസിലേക്ക് പോകുന്നതിനെ എതിര്‍ക്കുകയാണ്. 1983 ലാണ് മനേക ഗാന്ധി കോണ്‍ഗ്രസ് വിട്ട് സഞ്ജയ് വിചാര്‍ മഞ്ച് രൂപവത്കരിച്ചത്. പിന്നീട് അവര്‍ ജനതാദളിലും അതിന് ശേഷം ബിജെപി പാളയത്തിലും എത്തുകയായിരുന്നു.