ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരേ വീണ്ടും വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. ജനങ്ങള്‍ സ്വന്തം നിലയ്ക്ക് എല്ലാം ചെയ്യാനാണെങ്കില്‍ പിന്നെ സര്‍ക്കാര്‍ എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. കരിമ്പ് കര്‍ഷകരുടെ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരേയും ലിഖിംപുര്‍ വിഷയത്തിലും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരേ രംഗത്തുവന്ന വരുണ്‍ ഗാന്ധി പ്രളയ ബാധിതര്‍ക്ക് വേണ്ടിയാണ് ഇത്തവണ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 

തേരേ മേഖലയിലാകെ പ്രളയക്കെടുതിയിലാണെന്ന് വരുണ്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. ജനങ്ങള്‍ക്ക് സഹായം അത്യാവശ്യമാണ്. എന്നാല്‍ ഈ അവസ്ഥയില്‍ പോലും സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നില്ല. ഈസമയത്ത് പോലും ജനങ്ങള്‍ സ്വന്തം നിലക്ക് എല്ലാം ചെയ്യാനാണെങ്കില്‍ പിന്നെ ഒരു സര്‍ക്കാരിന്റെ ആവശ്യമെന്താണെന്ന് അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചു. 

'തേരേയുടെ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ്. റേഷന്‍ ആളുകളുടെ കൈകളില്‍ എത്തിക്കുന്നതുകൊണ്ട് ദുരന്തം അവസാനിക്കുന്നതുവരെ ഒരു കുടുംബവും പട്ടിണിയാകില്ല. ഒരു സാധാരണക്കാരന് സര്‍ക്കാരിന്റെ പിന്തുണ ഏറ്റവും അത്യാവശ്യമായ ഘട്ടത്തില്‍, അവന്‍ ഒറ്റക്ക് പോരാടേണ്ടിവരുന്നത് വേദനാജനകമാണ്. ഓരോന്നിനും വ്യക്തികള്‍ മുന്നിട്ടിറങ്ങണമെങ്കില്‍പിന്നെ സര്‍ക്കാര്‍ എന്തിനാണ്.' - പ്രളയബാധിത പ്രദേശങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അ്‌ദേഹം ട്വിറ്ററില്‍ കുറിച്ചു.

Content Highlights: What is the need of government if…: Varun Gandhi attacks Yogi Adityanath over flood situation