ഗ്യാൻവാപി പള്ളി | Photo: PTI
ലഖ്‌നൗ: വാരാണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ നടന്ന സര്‍വേയ്ക്കിടെ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന കുളം സീല്‍ ചെയ്യാന്‍ കോടതി ഉത്തരവ്. വാരാണാസി സിവില്‍ കോടതിയാണ് ഉത്തരവിട്ടത്. ഈ പ്രദേശത്തേക്ക് ആരേയും കടത്തിവിടരുതെന്നും ജഡ്ജി രവികുമാര്‍ ദിവാകര്‍ ഉത്തരവിട്ടു.
സീല്‍ ചെയ്ത പ്രദേശത്തിന്റെ സുരക്ഷ കേന്ദ്രസേനയ്ക്ക് കൈമാറിയിട്ടുണ്ട്. ജില്ല മജിസ്‌ട്രേറ്റ്, സിആര്‍പിഎഫ് കമാന്‍ഡന്റ്, പോലീസ് കമ്മീഷണര്‍ എന്നിവരോട് പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചു. അഭിഭാഷക സര്‍വേ റിപ്പോര്‍ട്ട് നാളെ കോടതിക്ക് കൈമാറും. ഇതിനിടെ സര്‍വേയ്‌ക്കെതിരേ നല്‍കിയ ഹര്‍ജികള്‍ നാളെ സുപ്രീം കോടതി പരിഗണിക്കും. ഗ്യാന്‍വാപി പള്ളി കമ്മിറ്റിയാണ് സര്‍വേയ്‌ക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഹിന്ദുക്കളും മുസ്ലിങ്ങളും ആരാധനാവകാശം ഉന്നയിക്കുന്ന കാശിയിലെ (വാരാണസി) ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്താന്‍ അലഹാബാദ് ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. ഗ്യാന്‍ വാപി പള്ളിയുടെ പടിഞ്ഞാറന്‍ മതിലിനോടു ചേര്‍ന്നുള്ള ശൃംഗര്‍ ഗൗരിക്ഷേത്രത്തില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍വേക്കും വീഡിയോചിത്രീകരണത്തിനും വാരാണസി കോടതി അനുമതി നല്‍കിയത്. അഭിഭാഷക കമ്മിഷന്റെ നേതൃത്വത്തില്‍ മേയ് ആറിന് സര്‍വേ തുടങ്ങിയെങ്കിലും പിറ്റേന്ന് അത് തടഞ്ഞു. എന്നാല്‍, സര്‍വേ തുടരാന്‍ കഴിഞ്ഞദിവസം കോടതി ഉത്തരവിടുകയായിരുന്നു. കനത്ത സുരക്ഷാസന്നാഹങ്ങളോടെ നടന്ന സര്‍വേ ഇന്ന് പൂര്‍ത്തിയായിട്ടുണ്ട്.
സര്‍വേയ്ക്കിടെയാണ് പള്ളിയിലെ കുളത്തില്‍നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന് അഭിഭാഷകനായ വിഷ്ണു ജയിന്‍ അവകാശപ്പെട്ടത്. പ്രാര്‍ഥനയ്ക്ക് മുമ്പ് വിശ്വാസികള്‍ ശുദ്ധിനടത്തുന്ന കുളത്തിലെ വെള്ളം തിങ്കളാഴ്ച രാവിലെ വറ്റിച്ചപ്പോള്‍ 12 അടി ഉയരമുള്ള ശിവലിംഗം കണ്ടെടുത്തുവെന്നാണ് ഹിന്ദു സ്ത്രീകളുടെ അഭിഭാഷകനായ സുഭാഷ് നന്ദന്‍ ചതുര്‍വേദിയും പറയുന്നത്. അതേസമയം കുളത്തില്‍നിന്ന് ലഭിച്ചത് ശിവലിംഗം അല്ലെന്നാണ് എതിര്‍ഭാഗം അഭിഭാഷകന്‍ പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..